| Saturday, 28th June 2025, 8:24 am

കാനഡയുമായുള്ള എല്ലാ വ്യാപാരചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: കാനഡയുമായുള്ള എല്ലാ വ്യാപാരചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ടെക് കമ്പനികള്‍ക്ക് മേല്‍ കാനഡ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി ആരോപിച്ചാണ് വ്യാപാര ചര്‍ച്ചകള്‍ ഉടനടി അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു ഇത്. തീരുമാനത്തിന്റെ ഭാഗമായി ഒരാഴ്ച്ചക്കുള്ളില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.

‘ക്ഷീരോത്പന്നങ്ങല്‍ക്കടകം 400% അധിത താരിഫ് ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ ആക്രമണമാണ്.

കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ ഇതിനാല്‍ അവസാനിപ്പിക്കുന്നു, ഇത് ഉടനടി പ്രാബല്യത്തില്‍ വരും. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അമേരിക്കയുമായി വ്യാപാരം ചെയ്യുന്നതിനുള്ള പുതിയ താരിഫ് ഞങ്ങള്‍ അവരെ അറിയിക്കും,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

അതേസമയം ചര്‍ച്ചകള്‍ തുടരുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. കനേഡിയന്‍ പൗരന്മാരുടെ താത്പര്യം മുന്‍നിര്‍ത്തി സങ്കീര്‍ണമായ ചര്‍ച്ചകള്‍ തുടരുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു.

കാനഡയുടെ മൂന്ന് ശതമാനം ഡിജിറ്റല്‍ സേവന നികുതി കഴിഞ്ഞ ഒരു വര്‍ഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കകകള്‍ ഉയര്‍ത്തുന്നുണ്ട്. ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 2 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാകുമെന്ന് ബിസിനസ് ഗ്രൂപ്പുകള്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പിന്മാറ്റം.

എന്നാല്‍ യു.എസുമായുള്ള വ്യാപാര ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി കാര്‍ണി ട്രംപുമായുള്ള ട്രംപിന്റെ ബന്ധം ചര്‍ച്ചകള്‍ക്ക് സഹായകമാകുമെന്നാണ് സൂചന.

ട്രംപ് തന്റെ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയേക്കും എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കഴിഞ്ഞ മാസം, യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങള്‍ക്കുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് പിന്മാറിയിരുന്നു.

കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. ദീര്‍ഘകാല സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍ ഇരുരാജ്യങ്ങളും വ്യാപാരം നടത്തുണ്ടെങ്കലും ട്രംപ് അധികാരമേറ്റതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലേറ്റിരുന്നു.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കാനഡയുടെമേല്‍ 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാറുകള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള പുതിയ തീരുവകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

Content Highlight: Trump says he will end all trade talks with Canada soon

We use cookies to give you the best possible experience. Learn more