വാഷിങ്ടൺ: ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടി യു.എസ് ബഹിഷ്കരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വെളുത്ത വംശജരായ ആഫ്രിക്കൻ പൗരന്മാരോടുള്ള ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ തീരുമാനം.
സാമ്പത്തിക വികസനം ചർച്ച ചെയ്യുന്നതിനുള്ള ലോക നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചകോടി ബഹിഷ്കരിക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത് തികഞ്ഞ അപമാനമാണെന്നും
വെളുത്ത വംശജരായ ആഫ്രിക്കാർക്കെതിരെ ആക്രമണങ്ങൾ നടത്തുകയും അവരെ കൊല്ലുകയാണെന്നും ഭൂമിയും കൃഷിയിടങ്ങളും നിയമവിരുദ്ധമായി കണ്ടുകെട്ടുകയാണെന്നും ട്രംപ് ആരോപിച്ചു.
ഈ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നിടത്തോളം ഒരു യു.എസ് ഗവൺമെൻറ് ഉദ്യോഗസ്ഥനും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളുത്ത വംശജരായ ആഫ്രിക്കൻ കർഷകരെ പീഡിപ്പിക്കാനും ആക്രമിക്കാനും ദക്ഷിണാഫ്രിക്കൻ സർക്കാർ അനുമതി നൽകുന്നുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ സർക്കാർ ട്രംപിന്റെ ആരോപണങ്ങൾ തള്ളി.
വെളുത്ത വംശജരുടെ ന്യൂനപക്ഷ ഭരണത്തിന്റെ വർണവിവേചന സമ്പ്രദായം അവസാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായെന്നും രാജ്യത്തെ കറുത്തവർഗക്കാരുടെ ജീവിത നിലവാരത്തെക്കാൾ ഉയർന്നതാണ് വെള്ളക്കാരുടെതെന്നും ദക്ഷിണാഫ്രിക്കൻ സർക്കാർ പറഞ്ഞിരുന്നു.
ആഫ്രിക്കക്കാർക്കെതിരെ വിവേചനവും പീഡനവും നടക്കുന്നുണ്ടെന്ന ട്രംപ് ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പറഞ്ഞു.
എവിടെയാണ് ഇത്തരത്തിൽ വിവേചനവും ആക്രമണങ്ങളും നടക്കുന്നതെന്നും അത് തനിക്ക് കാണിച്ചു തരണമെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ട്രംപിനോട് പറഞ്ഞിരുന്നു.
നേരത്തെ മിയാമിയിൽ നടന്ന സാമ്പത്തിക പ്രസംഗത്തിനിടെ, ദക്ഷിണാഫ്രിക്കയെ ജി20 ൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.ട്രംപ് ഭരണകൂടം വെളുത്ത വംശജരായ ആഫ്രിക്കക്കാർക്കുള്ള അഭയാർത്ഥി പ്രവേശനത്തിന് മുൻഗണന നൽകിയിയിരുന്നു.
യു.എസിലേക്ക് പ്രതിവർഷം വരുന്ന അഭയാർത്ഥികളുടെ എണ്ണം 7,500 ആയി യു.എസ് ഭരണകൂടം പരിമിതപ്പെടുത്തിയിരുന്നു. അവരിൽ ഭൂരിഭാഗവും വെളുത്ത വംശജരായ ദക്ഷിണാഫ്രിക്കക്കാരായിരിക്കുമെന്നും ഭരണകൂടം നേരത്തെ സൂചിപ്പിച്ചിരുന്നു.
ഈ മാസം 22 ,23 തീയതികളിൽ ജോഹന്നാസ് ബര്‍ഗില്‍ വെച്ചാണ് ജി 20 ഉച്ചകോടി നടക്കുന്നത്.
Content Highlight: Trump says he will boycott G20 summit in South Africa over treatment of white citizens