വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധം ചെയ്തതില്‍ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം ചെയ്യാനുള്ള തീരുമാനം ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്.
‘ഖേദം എന്ന വാക്കില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ക്ക് എപ്പോഴും അവരവരെക്കുറിച്ച് കുറച്ചൊക്കെ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം,’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫോക്‌സ് ന്യൂസില്‍ വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ‘ദി ഇന്‍ഗ്രഹാം ആംഗിള്‍’ എന്ന പരിപാടിയിലായിരുന്നു ട്രംപിന്റെ പ്രതികരണം.
യുദ്ധത്തിന്റെ പേരില്‍ തന്റെ ചില അനുയായികള്‍ക്ക് അതൃപ്തിയുണ്ടായെന്നും മനോവീര്യം തകരുന്ന അവസ്ഥയുമുണ്ടായെന്നുമുള്ള വാദങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു. ‘അവരുടെ മനോവീര്യം തകര്‍ന്നു എന്ന് എനിക്ക് തോന്നുന്നില്ല. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ ഞാന്‍ അനുവദിക്കുന്നില്ല എന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ അഭിമാനമാണുള്ളതെന്ന് ഞാന്‍ കരുതുന്നു,’ ട്രംപ് പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്ന തന്റെ നിലപാടും ടംപ് അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. ബുധനാഴ്ചയും അദ്ദേഹം ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെന്ന് അഭിമുഖത്തില്‍ ട്രംപ് ആരോപിക്കുകയും ചെയ്തു.
ഇറാനെതിരെ ചെയ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തനിക്ക് മടിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘അത് വീണ്ടും ചെയ്യേണ്ടി വന്നാല്‍ ഞാന്‍ അത് ചെയ്യും. ഞാന്‍ എന്താണോ ചെയ്തത്, അത് അതേപോലെ ആവര്‍ത്തിക്കും,’ ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കി ട്രംപിനെ വിമര്‍ശിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുദ്ധം അവസാനിക്കുമെന്ന ട്രംപിന്റെ വാദം തെറ്റാണെന്നും മാര്‍ക്കി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘നിയമവിരുദ്ധവും വിജയിക്കാന്‍ കഴിയാത്തതുമായ ഇറാന്‍ യുദ്ധം ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. അദ്ദേഹം നുണ പറയുകയാണ്,’ മാര്‍ക്കി കുറിട്ടു.
‘അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. കോണ്‍ഗ്രസ് ഫണ്ട് തടഞ്ഞില്ലെങ്കില്‍, ട്രംപ് സ്ഥാനമൊഴിയുന്നത് വരെ ഈ യുദ്ധം നീണ്ടുപോകും. ഈ ദുരന്തം അവസാനിപ്പിക്കാന്‍ നമുക്ക് ഇനിയും രണ്ട് വര്‍ഷം കാത്തിരിക്കാനാവില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, യു.എസിലെ എണ്ണവില വര്‍ധനവുമായി ബന്ധപ്പെട്ട് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് ട്രംപ് ഭരണകൂടത്തെ പരിഹസിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും കമ്പോളത്തില്‍ ഇടപെട്ടും കരുതല്‍ എണ്ണ ശേഖരം ഉപയോഗിച്ചും ട്രംപ് സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ നോക്കുമെന്നും എന്നാല്‍ അത് അവസാനം പരാജയപ്പെടുമെന്നും എക്‌സ് പോസ്റ്റില്‍ ഖാലിബാഫ് പരിഹസിച്ചു.
‘എണ്ണവില കുറയ്ക്കുന്നതിനായി യു.എസ് ട്രഷറി തങ്ങളുടെ കൈവശമുള്ള നടപടികളുടെ ആയുധശേഖരങ്ങളായ ആക്‌സിയോസ് വഴിയുള്ള വ്യാജവാര്‍ത്തകളും വിപണിയിലെ ഇടപെടലുകലും കരുതല്‍ ശേഖരം പുറത്തുവിടലും ഉപയോഗിക്കും. എന്നാല്‍ ഒടുവില്‍ വിലക്കയറ്റം തടയുന്നതില്‍ പരാജയപ്പെടും,’ അദ്ദേഹം എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ബെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 107 ഡോളറായി വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു ഇറാന്‍ സ്പീക്കറുടെ പ്രതികരണം. ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തിയ യുദ്ധവും, തുടര്‍ന്ന് ഇറാന്‍ സായുധ സേന ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതും കഴിഞ്ഞ കുറച്ച് മാസങ്ങളായി എണ്ണവില ഉയരാന്‍ കാരണമായിയിരുന്നു. യെമനിലെ ഹൂത്തി വിമതരും സൗദി സഖ്യവുമായുള്ള യുദ്ധത്തിന്റെ ഭാഗമായി ചെങ്കടലിലെ ബാബ് അല്‍ മന്ദെബ് കപ്പല്‍ പാത അടച്ചിടുമെന്ന അഭ്യൂഹം കാരണം സമീപ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില വീണ്ടും വര്‍ധിക്കുകയും ചെയ്തിരുന്നു.
Content Highlight: Trump says he does not regret waging war against Iran