| Friday, 24th October 2025, 9:07 pm

യു.എസ് സുപ്രീം കോടതിയെ കാനഡ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസ് സുപ്രീം കോടതിയെ കാനഡ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ദേശീയ സുരക്ഷയ്ക്കും താരിഫുകൾ നിർണായകമാണെന്നും കാനഡയുടേത് അപമാനകരമായ പെരുമാറ്റമാണെന്നും ട്രംപ് പറഞ്ഞു.

താരിഫുകളെ എതിർക്കുന്ന കാനഡയുടെ ടെലിവിഷൻ പരസ്യം യു.എസ് സുപ്രീം കോടതിയെ സ്വാധീനിക്കാൻ ലക്ഷ്യമിടുന്നെന്നും കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാനഡ തങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചെന്നും എന്നാൽ പിടിക്കപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘കാനഡ യു.എസിനെ വഞ്ചിച്ചു എന്നാൽ പിടിക്കപ്പെട്ടു. റൊണാൾഡ് റീഗന് താരിഫുകൾ ഇഷ്ടമല്ലെന്ന് പറയുന്ന പ്രസംഗം അവർ യു.എസിനെ വഞ്ചിക്കാനായി ഉപയോഗിച്ചു. എന്നാൽ രാജ്യത്തിനും അതിന്റെ ദേശീയ സുരക്ഷയ്ക്കും വേണ്ടിയുള്ള താരിഫുകൾ അദ്ദേഹത്തിന് ശരിക്കും ഇഷ്ടമായിരുന്നു,’ ട്രംപ് പറഞ്ഞു.

ഇപ്പോൾ കാനഡയ്‌ക്കോ മറ്റ് രാജ്യങ്ങൾക്കോ യു.എസിനെ വഞ്ചിക്കാൻ കഴിയില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഈ തട്ടിപ്പ് തുറന്നുകാട്ടിയതിന് റൊണാൾഡ് റീഗൻ ഫൗണ്ടേഷന് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു.

മുൻ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ശബ്ദമുപയോഗിച്ച് താരിഫുകൾക്കെതിരെ വ്യാജ പരസ്യങ്ങൾ കാനഡ പ്രചരിപ്പിക്കുന്നെന്നും കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും ഉടൻ അവസാനിപ്പിക്കുന്നെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

‘താരിഫുകൾ ഓരോ പൗരനെയും ബുദ്ധിമുട്ടിലാക്കുന്നു. വിദേശ ഇറക്കുമതികളിൽ താരിഫ് ഏർപ്പെടുത്തുന്നത് ഗുണകരമാണെന്ന് തോന്നിയേക്കാം, എന്നാൽ ഇത് വിപണികൾ കുറയ്ക്കാനും ആളുകളുടെ ജോലി നഷ്ടപ്പെടാനും കാരണമാകും,’ റീഗന്റെ ശബ്ദത്തിലുള്ള പരസ്യത്തിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കാനഡയിലെ ഒന്റാറിയോ സർക്കാരാണ് മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി പരസ്യം പുറത്തിറക്കിയത്. 75 മില്യൺ കനേഡിയൻ ഡോളർ ചെലവഴിച്ചാണ് പരസ്യം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. ന്യൂസ്‌മാക്സ്, ബ്ലൂംബെർഗ് തുടങ്ങിയ അമേരിക്കൻ ചാനലുകൾ ഈ പരസ്യം സംപ്രേക്ഷണം ചെയ്തിരുന്നു.

എന്നാൽ റീഗന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള അനുമതി ഒന്റാറിയോ വാങ്ങിയിട്ടില്ലെന്ന് മുൻ പ്രസിഡന്റിന്റെ പൈതൃകവും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ & ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.

നേരത്തെ തടി, ഉരുക്ക്, അലുമിനിയം, കാറുകൾ എന്നിവയുൾപ്പെടെയുള്ള കനേഡിയൻ വസ്തുക്കളുടെ ഇറക്കുമതിക്ക് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ അത് 35% ആയി ഉയർത്തിയിരുന്നു.

Content Highlight: Trump says Canada tried to illegally influence the US Supreme Court

We use cookies to give you the best possible experience. Learn more