| Friday, 20th November 2026, 10:04 am

ഷി ജിന്‍പിങ് പ്രസംഗിക്കുമ്പോള്‍ കണ്ണടച്ചിരുന്ന് ട്രംപ്; ഉറങ്ങിയതല്ല, രേഖകള്‍ വായിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ്

നിഷാന. വി.വി

ഷെന്‍ഷെന്‍: ചൈനയില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുഖ്യപ്രഭാഷണത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറങ്ങിപ്പോയ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെ ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന ഉച്ചകോടിയിലാണ് സംഭവം. ഷി ജിന്‍പിങ് സംസാരിക്കുമ്പോള്‍ ട്രംപ് തല താഴ്ത്തി, കൈകള്‍ കോര്‍ത്തുപിടിച്ച് ഏകദേശം 10 സെക്കന്‍ഡ് നേരം കണ്ണടച്ചിരിക്കുന്ന ദൃശ്യങ്ങളാണ് ടെലിവിഷന്‍ ക്യാമറകളില്‍ പതിഞ്ഞത്.

21 അംഗരാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത വട്ടമേശ സമ്മേളനത്തില്‍, സ്വതന്ത്ര വ്യാപാരത്തെയും നിക്ഷേപങ്ങളെയും പ്രാദേശിക സഹകരണത്തെയും കുറിച്ച് ഷി ജിന്‍പിങ് സംസാരിക്കുന്നതിനിടെയാണ് ക്യാമറകള്‍ ട്രംപിലേക്ക് തിരിഞ്ഞത്.

ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പുറത്തുവിട്ട തത്സമയ ദൃശ്യങ്ങളില്‍, 80-കാരനായ ട്രംപ് കൈകള്‍ കോര്‍ത്തുപിടിച്ച്, തല താഴ്ത്തി ഏകദേശം 10 സെക്കന്‍ഡ് നേരം കണ്ണടച്ചിരിക്കുന്നത് വ്യക്തമായി കാണാം. 2017-ന് ശേഷം ട്രംപ് നേരിട്ട് പങ്കെടുക്കുന്ന ആദ്യ അപെക് ഉച്ചകോടിയാണിത്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശക്തമായ പ്രതിരോധവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപ് ഉറങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ‘വ്യാജവാര്‍ത്ത’ ആണെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചിയുങ് വ്യക്തമാക്കി. ‘പ്രസിഡന്റ് ട്രംപ് തന്റെ മുന്നിലിരുന്ന രേഖകള്‍ വായിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാധ്യമങ്ങള്‍ തുടര്‍ച്ചയായി നുണ പറയുകയാണ്’ അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.

Content Highlight: Trump sat with his eyes closed while Xi Jinping spoke; the White House says he wasn’t sleeping, but was reading documents.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more