| Thursday, 2nd July 2026, 4:54 pm

അമേരിക്ക തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ നിയന്ത്രിക്കണം, ഇസ്രഈല്‍ അവരുടെ യജമാനരെ അനുസരിക്കണം, ഇല്ലെങ്കില്‍ പാഠം പഠിപ്പിക്കും; മുന്നറിയിപ്പുമായി ഇറാന്‍

ആദര്‍ശ് എം.കെ.

ടെഹ്‌റാന്‍: ഇസ്രഈലിന് നേരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനങ്ങള്‍ക്കോ നേതൃത്വത്തിനോ എതിരെ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ശക്തവും പെട്ടെന്നുള്ളതുമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയില്‍ നയതന്ത്ര യുദ്ധവും സൈനിക സംഘർഷവും കടുക്കുന്നതിനിടെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ്.

ടെല്‍ അവീവിലെ തങ്ങളുടെ ‘വളര്‍ത്തുമൃഗങ്ങളെ’ നിയന്ത്രിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചിട്ടുണ്ടെന്ന് അരാഗ്ചി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഇസ്രഈല്‍ അവരുടെ യജമാനനായ അമേരിക്കയുടെ വാക്ക് കേള്‍ക്കാന്‍ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ഇറാന്‍ അവരെ പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ മാസം ഒപ്പുവെച്ച ഇസ്‌ലമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ എല്ലാവര്‍ക്കും വ്യക്തമായി അറിയാവുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ വധഭീഷണി നേരിടുന്നുണ്ടെന്ന ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്സിന്റെ പ്രസ്താവനയാണ് ഇറാന്റെ പുതിയ മുന്നറിയിപ്പിന് കാരണം. ഖാംനഇ വധിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ടെന്ന ഇസ്രഈല്‍ കാറ്റ്സിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അരാഗ്ചി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ ഇത്തരം പ്രസ്താവനകള്‍ വെറും വിലപേശല്‍ തന്ത്രങ്ങള്‍ മാത്രമാണെന്ന് ഇസ്രഈല്‍ കാറ്റ്സ് പരിഹസിച്ചു.

‘ഇറാന്‍ വീണ്ടുമൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇസ്രഈല്‍ ശക്തമായി തിരിച്ചടിക്കും. ഇതിനായി അമേരിക്കന്‍ സൈന്യത്തിന്റെ പിന്തുണ ലഭിക്കുമോ ഇല്ലയോ എന്നത് തങ്ങളെ ബാധിക്കുന്ന കാര്യമല്ല,’ എന്നായിരുന്നു ഇസ്രഈല്‍ കാറ്റ്സിന്റെ പ്രതികരണം.

ഇറാന് ആണവായുധം നിര്‍മിക്കാന്‍ ഒരുകാലത്തും ഇസ്രഈല്‍ അനുവാദം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ പിന്തുണയില്ലാതെ തന്നെ സ്വതന്ത്രമായി നീങ്ങാന്‍ ഇസ്രഈല്‍ സന്നദ്ധമാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനും ശാശ്വത വെടിനിര്‍ത്തലിനുമായി യു.എസും ഇറാനും തമ്മില്‍ ഖത്തറിലെ ദോഹയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

60 ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കല്‍, സമുദ്ര സുരക്ഷ ഉറപ്പാക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണ് പാകിസ്ഥാനും ഖത്തറും മധ്യസ്ഥത വഹിക്കുന്ന ഈ ചര്‍ച്ചകളില്‍ മുന്‍ഗണന നല്‍കുന്നത്.

എങ്കിലും, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഈ പാതയുടെ നിയന്ത്രണാധികാരം തങ്ങള്‍ക്കാണെന്നും നിശ്ചിത കാലയളവിനുശേഷം കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമെന്നും ഇറാന്‍ അവകാശപ്പെടുമ്പോള്‍, ഇത് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.

ഇതിനിടെ, അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നിലവില്‍ പദ്ധതിയൊന്നുമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പരസ്യമായ സൈനിക ഭീഷണികളും കടുത്ത വാഗ്വാദങ്ങളും തുടരുമ്പോഴും, മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള അന്താരാഷ്ട്ര ചര്‍ച്ചകളും പരോക്ഷമായി മുന്നോട്ടുപോകുന്നുണ്ട് എന്ന വൈരുദ്ധ്യമാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

Content Highlight: ‘Trump said will muzzle Tel Aviv pets, we will school Israel if they ignore their master’: Iran

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more