| Monday, 4th August 2025, 7:58 am

ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി ധന സഹായം നല്‍കുന്നു: ട്രംപിന്റെ പ്രധാന സഹായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമര്‍ശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന സഹായി. ട്രംപിന്റെ അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളും വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫന്‍ മില്ലറാണ് ഇന്ത്യയെ വിമര്‍ശിച്ചത്.

ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് പരോക്ഷമായി ധന സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് മില്ലറിന്റെ പരാമര്‍ശം. മോസ്‌ക്കോയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് എതിരെ ട്രംപ് ഭരണകൂടം നീക്കങ്ങള്‍ നടത്തുന്നതിന് ഇടയിലാണ് ഈ വിമര്‍ശനം.

ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം ഇന്തോ-പസഫിക്കിലെ അമേരിക്കയുടെ പ്രധാന പങ്കാളികളില്‍ ഒന്നിനെതിരെ ഇതുവരെ ഉന്നയിച്ചതില്‍ വെച്ച് ഏറ്റവും ശക്തമായ വിമര്‍ശനമാണ് ഇത്.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിരന്തരമായി വിമര്‍ശിക്കാറുണ്ട്. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ ഉക്രൈനില്‍ റഷ്യ യുദ്ധം നടത്തുമ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ ഈ വിമര്‍ശനം.

എന്നാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യയുടെ കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ. റഷ്യയുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗമാണിത്.

ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദം നിലനില്‍ക്കുമ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് ഔദ്യേഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം ഇന്ത്യ മോസ്‌ക്കോയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: Trump’s top aide says India is indirectly funding Russia’s war in Ukraine

We use cookies to give you the best possible experience. Learn more