ചെന്നൈ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവ കാരണമുണ്ടായ ആഘാതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതിയെ വളരെ മോശമായി ബാധിച്ച തീരുമാനമാണിതെന്നും സാമ്പത്തിക പ്രതിസന്ധി ദിവസവും വര്‍ധിച്ചുവരികയാണെന്നും സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
തമിഴ്‌നാടിന്റെ കയറ്റുമതി രംഗത്തിന് വന്‍തിരിച്ചടിയുണ്ടായി. ഇന്ത്യയുടെ ആകെ തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ 28 ശതമാനവും തുകല്‍, പാദരക്ഷാ കയറ്റുമതിയുടെ 40 ശതമാനവും തമിഴ്‌നാടിന്റെ സംഭാവനയാണ്. ഇത് 85 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവിലെ കയറ്റുമതി സ്തംഭനം സാമ്പത്തിക പ്രശ്‌നം മാത്രമല്ല, മാനുഷിക വെല്ലുവിളിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തിരുപ്പൂരിലെ കയറ്റുമതി മേഖലയെ എങ്ങനെയാണ് 50 ശതമാനം തീരുവ മോശമായി ബാധിച്ചതെന്നും സ്റ്റാലിന്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. തിരുപ്പൂരില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ ഇതുവരെ 15000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വിവിധ യൂണിറ്റുകളിലായി 30 ശതമാനം വരെ ഉത്പാദനം നിര്‍ത്തിവെയ്‌ക്കേണ്ട നിര്‍ബന്ധിത അവസ്ഥയും വന്നു.
പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല. തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, കരൂര്‍ ജില്ലകളിലായി പ്രതിദിനം 60 കോടിയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ തകര്‍ച്ചയിലേക്ക് വഴിതെളിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
കയറ്റുമതിയിലുണ്ടായ ഇടിവ് ലക്ഷക്കണക്കിന് പേരുടെ ജോലി തുലാസിലാക്കി. പല കമ്പനികളും നിര്‍ബന്ധിത പിരിച്ചുവിടലിലേക്കും വേതനം നല്‍കുന്നത് മാറ്റിവെയ്ക്കുന്നതിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ഇന്ത്യയിലേക്ക് വരേണ്ട ഓര്‍ഡറുകള്‍ വിയറ്റ്‌നാം, കംബോഡിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വഴിമാറി പോവുകയാണെന്നും സ്റ്റാലിന്‍ ആശങ്ക പങ്കുവെയക്കുന്നുണ്ട്.
അടിയന്തര ഇടപെടല്‍ വിഷയത്തിലുണ്ടാകണമെന്നും ഉഭയകക്ഷി കരാറിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.
റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഉക്രൈന്‍ യുദ്ധത്തിന് പരോക്ഷമായ സഹായം നല്‍കുന്നതാണെന്ന് ആരോപിച്ചാണ് യു.എസ് ഭരണകൂടം ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു. വിഷയം പരിഹരിക്കാനും പുതിയ വ്യാപാര കരാറുകളില്‍ ഒപ്പുവെയ്ക്കാനുമായി ഇന്ത്യ-യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Trump’s tariffs wreak havoc in Tamil Nadu; Thirupathi loses 15,000 crore worth of exports; Stalin writes to Modi seeking solution