| Thursday, 17th April 2025, 5:22 pm

കശ്മീരി കാര്‍പ്പെറ്റ് വ്യവസായത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായി ട്രംപിന്റെ താരിഫുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരി കാര്‍പ്പെറ്റ് വ്യവസായത്തിന് വെല്ലുവിളിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ആഗോളതലത്തിലെ രണ്ട് ബില്യണ്‍ ഡോളറിന്റെ മൊത്തം കയറ്റുമതി മൂല്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള കാര്‍പ്പെറ്റ് കയറ്റുമതി ഏകദേശം 1.2 ബില്യണ്‍ ഡോളറാണ്.

പുതിയ യു.എസ് കസ്റ്റംസ് നയങ്ങളനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള പായകള്‍ക്ക് 28% താരിഫാണ് ചുമത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി അമേരിക്കന്‍ മാര്‍ക്കറ്റില്‍ കശ്മീരി കാര്‍പ്പെറ്റുകള്‍ക്ക് വില വര്‍ധിക്കും. എന്നാല്‍ ഇത് തൊഴിലാളികളുടെ വേതനത്തില്‍ വര്‍ധനവുണ്ടാക്കില്ല.

ഇതിനുപുറമെ വരും കാലയളവില്‍ കശ്മീരി കാര്‍പ്പെറ്റുകള്‍ യു.എസ് ഉപഭോക്താക്കളുടെയും രാജ്യത്തെ ചില്ലറ വ്യാപാരികളുടെയും ചെലവ് വര്‍ധിപ്പിക്കും.

ശുദ്ധമായ പട്ടും കമ്പിളിയും ഉപയോഗിച്ച് കൈകൊണ്ടാണ് കശ്മീരി കാര്‍പ്പെറ്റുകള്‍ നിര്‍മിക്കുന്നത്. പക്ഷെ കാര്‍പ്പെറ്റുകളുടെ വില വര്‍ധനവ് ഉപഭോക്താക്കളെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയതായാണ് റിപ്പോര്‍ട്ട്. കശ്മീരി കാര്‍പ്പെറ്റുകള്‍ വലിയ വിലയ്ക്കാണ് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ മിക്ക കരകൗശല വിദഗ്ധര്‍ക്കും ഇതിലൂടെ ലാഭം നേടാന്‍ കഴിയുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ഞങ്ങളുടെ വീട് നടത്തുന്നതിന് മാന്യമായ വരുമാനം ലഭിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കുന്നത്. ശ്രീനഗറില്‍ നിന്ന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 100ലധികം ആളുകള്‍ മറ്റ് ജോലികളിലേക്ക് മാറിയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന ഒരേയൊരു നെയ്ത്തുകാരന്‍ ഞാനാണ്. ഒരു കാര്‍പ്പറ്റ് കെട്ടാന്‍ ഞാന്‍ മാസങ്ങള്‍ ചെലവഴിക്കുന്നുണ്ട്. പക്ഷേ ആവശ്യക്കാരില്ലെങ്കില്‍ ഞങ്ങളുടെ കഴിവുകള്‍ക്ക് വിലയില്ലാതായി പോവുന്നു,’ ശ്രീനഗറിലെ കാര്‍പ്പെറ്റ് നിര്‍മാതാക്കളായ ഷമീമയും ഭര്‍ത്താവ് മുഹമ്മദും പറഞ്ഞു.

കാര്‍പ്പെറ്റുകളുടെ നിര്‍മാണ ചെലവിന് അനുസരിച്ചുള്ള പ്രതിഫലം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

യു.എസ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് കാര്‍പ്പെറ്റുകള്‍ കയറ്റുമതി ചെയ്യുന്ന തന്റെ വ്യാപാര പങ്കാളി ഇതിനകം നിര്‍മാണത്തിലിരിക്കുന്ന കുറഞ്ഞത് ഒരു ഡസന്‍ ഓര്‍ഡറുകളെങ്കിലും റദ്ദാക്കിയിട്ടുണ്ടെന്ന് കശ്മീരി കാര്‍പ്പെറ്റ് വിതരണക്കാരില്‍ ഒരാളായ വിലായത്ത് അലിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരെപ്പോലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പരമ്പരാഗത വ്യവസായത്തെ ഉപജീവനത്തിനായി ആശ്രയിച്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രംപിന്റെ പുതിയ താരിഫ് മൂലമുണ്ടാകുന്ന യു.എസ് ഉപഭോക്താക്കളുടെ വര്‍ധിച്ച ചെലവ് നെയ്ത്തുകാരുടെ വേതന വര്‍ധനവിലേക്ക് നയിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മറിച്ച് കാര്‍പ്പെറ്റുകളുടെ ഓര്‍ഡര്‍ കുറയാനും തൊഴിലാളികളുടെ വരുമാനം കുറയാനും കരകൗശല തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കാനും കാരണമാകും. കൂടാതെ ഈ വിലവര്‍ധനവ് വിലകുറഞ്ഞതും യന്ത്ര നിര്‍മിതവുമായ കാര്‍പ്പെറ്റുകള്‍ വാങ്ങാന്‍ യു.എസ് ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും കശ്മീരി കരകൗശല വിദഗ്ധരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

ഇതിനുപുറമെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന രീതിയില്‍ അന്താരാഷ്ട്ര വ്യാപാര നയങ്ങള്‍ മാറിയില്ലെങ്കില്‍ കശ്മീരിന്റെ പാരമ്പര്യ കലാവസ്തു അപ്രത്യക്ഷമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Highlight: Trump’s tariffs threaten the survival of the Kashmiri carpet industry

We use cookies to give you the best possible experience. Learn more