രാംപൂര്‍: ഇന്ത്യന്‍ ഇറക്കുമതിയുടെ മേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയതിന് പിന്നാലെ കടുത്ത പ്രതിസന്ധിയിലായി ഇന്ത്യയിലെ പുതീന എണ്ണ വ്യവസായം. ആയിരക്കണക്കിന് കര്‍ഷരുടെയും തൊഴിലാളികളുടെയും ഉപജീവനത്തിന് ഇത് ഭീഷണിയാകുകയാണെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ പറയുന്നു.
ഇതിലൂടെ നിരവധി കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. തനിക്ക് ലഭിച്ച എണ്ണയുടെ ഓര്‍ഡറുകള്‍ പലരും താത്കാലികമായി നിര്‍ത്തിവെക്കുകയോ റദ്ദാക്കുകയോ ചെയ്തതായി കയറ്റുമതിക്കാരില്‍ ഒരാള്‍ പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു യു.പിയിലെ രാംപൂര്‍ മേഖലയിലെ കയറ്റുമതിക്കാരനായ അമൃത് കപൂര്‍.
ട്രംപ് അധിക തീരുവ ചുമത്തിയതോടെ 20 ഡോളര്‍ വിലയുണ്ടായിരുന്ന തങ്ങളുടെ ഒരു ഉത്പന്നത്തിന് ഒറ്റരാത്രി കൊണ്ട് വില 30 ഡോളറായിയെന്നാണ് അയാള്‍ പറയുന്നത്. വില കൂടിയതോടെ അവ വാങ്ങാന്‍ ആളുകള്‍ വിസമ്മതിക്കുകയാണെന്നും ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ചുവെന്നും അമൃത് ആരോപിച്ചു.
മെന്ത എണ്ണ അഥവാ പെപ്പര്‍മിന്റ് എണ്ണ എന്നറിയപ്പെടുന്ന ഇവ പുതീനച്ചെടിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍, ഷാംപുകള്‍, ഭക്ഷണപാനിയങ്ങള്‍ക്കുള്ള രുചിക്കൂട്ട്, ടൂത്ത് പേസ്റ്റ്, മൗത്ത് സ്‌പ്രേകള്‍, തലവേദനയും ദഹന പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്കുള്ള മരുന്ന് എന്നിവയ്‌ക്കെല്ലാം പുതീന എണ്ണ ഉപയോഗിക്കുന്നുണ്ട്.
അമേരിക്ക അധിക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ പുതീന എണ്ണ ഉത്പാദിപ്പിക്കുന്നത് കുറക്കേണ്ടി വരുമെന്നും ഫാക്ടറികളിലെ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടി വരുമെന്നും അമൃത് കപൂര്‍ പറഞ്ഞു. ഇതിലൂടെ നിരവധി ആളുകള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാകും.
Content Highlight: Trump’s tariffs; India’s peppermint oil industry in crisis