| Tuesday, 20th January 2026, 8:11 am

ഒരു ഭീഷണിയും ഞങ്ങളെ സ്വാധീനിക്കില്ല; ഗ്രീൻലാൻഡിനുമേൽ ട്രംപ് ചെലുത്തുന്ന സമ്മർദം സ്വീകാര്യമല്ല: യൂറോപ്യൻ രാജ്യങ്ങൾ

ശ്രീലക്ഷ്മി എ.വി.

ബ്രസൽസ്: ഗ്രീൻലാൻഡിനുമേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെലുത്തുന്ന സമ്മർദം തെറ്റാണെന്നും സ്വീകാര്യമല്ലെന്നും വിവിധ യൂറോപ്യൻ രാജ്യങ്ങൾ.

ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കയുടെ പൂർണമായും തള്ളുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് അതിനെ തള്ളിക്കൊണ്ട് രാജ്യങ്ങൾ രംഗത്തെത്തിയത്.

ഞായറാഴ്ച ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ അംബാസഡർമാരുടെ അടിയന്തരയോഗത്തിലായിരുന്നു ഒറ്റകെട്ടായി യു.എസിന്റെ ഭീഷണികൾക്കെതിരെ നിലപടെടുത്തത്.

ഗ്രീൻലാൻഡിന് ചുറ്റും റഷ്യ നടത്തിയ നീക്കങ്ങളെ ചെറുക്കുന്നതിൽ ഡെൻമാർക്ക്‌ പരാജയപ്പെട്ടുവെന്നായിരുന്നു ട്രംപിന്റെ വാദം.

‘ഗ്രീൻലാൻഡിൽ നിന്ന് റഷ്യൻ ഭീഷണിയെ അകറ്റണമെന്ന് നാറ്റോ 20 വർഷമായി ഡെൻമാർക്കിനോട് പറയുന്നുണ്ട്. എന്നാൽ ഡെന്മാർക്കിന് ഇതിനെതിരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഇത് ചെറുക്കാനുള്ള സമയമായി,’ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

നാറ്റോ സഖ്യകക്ഷികൾക്കുമേൽ തീരുവ ചുമത്തുന്നത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ട്രംപിനോട് പറഞ്ഞു.

വ്യാപാര യുദ്ധം ആരുടേയും താത്പര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുവകൾ ഉപയോഗിച്ചുകൊണ്ടുള്ള ഭീഷണികൾ സ്വീകര്യമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

‘ഉക്രൈനിലോ ഗ്രീൻലാൻഡിലോ അല്ലെങ്കിൽ ലോകത്തിലെ മറ്റെവിടെയെങ്കിലുമോ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ ഒരു ഭീഷണിയും ഞങ്ങളെ സ്വാധീനിക്കില്ല,’ അദ്ദേഹം എക്സിൽ പറഞ്ഞു.

യൂറോപ്യൻ പരമാധികാരം ഉയർത്തിപ്പിടിക്കുമെന്നും ഐക്യത്തോടെയും ഏകോപിതമായും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഈ നീക്കത്തിനെതിരെ രംഗത്തെത്തി. ഗ്രീൻലാൻഡിന്റെ സുരക്ഷയ്ക്കായി ശബ്ദമുയർത്തുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുമെന്ന് ആശയത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

യു.കെ, ജർമനി, ഫ്രാൻസ് എന്നിവയുൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങൾ ഞായറാഴ്ച ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

‘താരിഫ് ഭീഷണികൾ അറ്റ്ലാന്റിക് സമുദ്ര ബന്ധങ്ങളെ ദുർബലപ്പെടുത്തുകയും അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രതികരണത്തിൽ ഞങ്ങൾ ഐക്യത്തോടെയും ഏകോപനത്തോടെയും നിലകൊള്ളുന്നത് തുടരും,’ പ്രസ്താവനയിൽ യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി.

ഞാറാഴ്ച ട്രംപുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചെന്നും ഇതിൽ തങ്ങൾ തുടർന്ന് പ്രവർത്തിക്കുമെന്നും ഈ ആഴ്ച അവസാനം ദാവോസിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു.

Content Highlight: No threat will influence us; Trump’s pressure on Greenland is unacceptable: European countries

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more