| Thursday, 28th August 2025, 7:03 am

ട്രംപിന്റെ സമ്മര്‍ദം; ചൈനീസ് ഇറക്കുമതിക്ക് മേല്‍ തീരുവ വര്‍ധിപ്പിക്കാനൊരുങ്ങി മെക്‌സിക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്‌സിക്കോ സിറ്റി: 2026ലെ ബജറ്റ് നിര്‍ദേശത്തിന്റെ ഭാഗമായി അടുത്ത മാസം മുതല്‍ ചൈനയ്ക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ട്രംപ് ഭരണകൂടം തങ്ങള്‍ ചെയ്തതിന് സമാനമായി ചൈനീസ് ഇറക്കുമതിയുടെ മേല്‍ തീരുവ വര്‍ധിപ്പിക്കാന്‍ മെക്‌സിക്കോയോട് ആവശ്യപ്പെട്ടിരുന്നു.

യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് മെക്‌സിക്കോ. വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ മെക്‌സിക്കോ വഴി യു.എസിലേക്കും എത്തുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. വ്യാപാര ചര്‍ച്ചക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പാര്‍ഡോ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പിന്നാലെ കഴിഞ്ഞ മാസം ട്രംപ് മെക്‌സിക്കോയ്ക്ക് ഉയര്‍ന്ന തീരുവകളില്‍ നിന്നും ഇളവ് നല്‍കി. ട്രംപ് ആവശ്യപ്പെട്ടത് പോലെ ചൈനയ്ക്ക് മേല്‍ താരീഫ് വര്‍ധിപ്പിച്ചാല്‍ മെക്‌സിക്കോയുടെ ബിസിനസുകളെ വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്നും സംരക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒപ്പം മെക്‌സിക്കന്‍ വരുമാനം വര്‍ധിപ്പിക്കുകയും ബജറ്റ് കമ്മി നിയന്ത്രിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ക്ലോഡിയ ഷെയിന്‍ബോമിനെ സഹായിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചില വിദേശ വസ്തുക്കളുടെ മേലുള്ള തീരുവ നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ മെക്‌സിക്കോ ചൈനയുടെ മേല്‍ കൊണ്ടുവരാന്‍ ഉദേശിക്കുന്ന താരീഫ് നിരക്കുകള്‍ എത്രയാണെന്ന് വ്യക്തതയില്ല. മെക്‌സിക്കന്‍ സര്‍ക്കാറിന്റെ കരട് നിര്‍ദേശം സെപ്റ്റംബര്‍ എട്ടിനകം ഉണ്ടായേക്കും. അതേസമയം മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പാര്‍ഡോയുടെ ഓഫീസോ സാമ്പത്തിക മന്ത്രാലയമോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടയില്‍ യു.എസ്, മെക്‌സിക്കോ, കാനഡ എന്നിവക്ക് ഇടയിലെ വ്യാപാര – ഉത്പാദന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ഒരു ആശയം മെക്‌സിക്കന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ചിരുന്നു. യു.എസ് ഇതില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം യു.എസും മെക്‌സിക്കോയും മയക്കുമരുന്ന് കടത്തും ആക്രമവും ചെറുക്കുന്നതിനുള്ള ഒരു കരാറിലെത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Trump’s pressure; Mexico prepares to increase tariffs on Chinese imports

We use cookies to give you the best possible experience. Learn more