| Thursday, 9th October 2025, 12:47 pm

ഗസയിലെ ട്രംപിന്റെ സമാധാന പദ്ധതി; നെതന്യാഹുവിനെ പുകഴ്ത്തി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ചര്‍ച്ചയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായത് നെതന്യാഹുവിന്റെ ശക്തമായ നേതൃപാടവം കൊണ്ടാണെന്നാണ് മോദി പറഞ്ഞത്.

ഗാസയിലെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ട്രംപിന്റെ ഇടപെടലിനെയും മോദി പ്രശംസിച്ചു. ഗസയിലെ ട്രംപിന്റെ സമാധാന പദ്ധതിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.

ഇത് ബന്ദികളെ മോചിപ്പിക്കുന്നതിനും ശാശ്വത സമാധാനത്തിനും വഴിയൊരുക്കുമെന്നും ഗസയിലേക്ക് എത്തിക്കുന്ന മാനുഷിക സഹായം ജനങ്ങൾക്ക് ആശ്വാസമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം താത്ക്കാലികമായി നിർത്തിവച്ച് ചില ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ ഇസ്രായേലും ഹമാസും അംഗീകരിച്ചതായി ഇന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗീകരിച്ചതായി ഇന്ന് (വ്യാഴം) ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് അറിയിച്ചിരുന്നത്.

‘ഇസ്രഈലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് ഇതിനര്‍ത്ഥം.

ശക്തവും നിലനില്‍ക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടായി ഇസ്രഈല്‍, ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയിലേക്ക് അവരുടെ സൈന്യത്തെ പിന്‍വലിക്കും. എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും!,’ ട്രംപ് പറഞ്ഞു.

അറബ്, മുസ്‌ലിം ലോകത്തിനും ഇസ്രഈലിനും ചുറ്റുമുള്ള മറ്റെല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഇത് ഒരു മഹത്തായ ദിവസമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സെപ്റ്റംബര്‍ 29നായിരുന്നു ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുകയെന്നതായിരുന്നു പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാനലക്ഷ്യം

Content Highlight: Trump’s peace plan for Gaza; Modi praises Netanyahu

We use cookies to give you the best possible experience. Learn more