വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്ത് നിന്നും ഇംപീച്ച് ചെയ്യണമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. എപ്‌സ്റ്റൈല്‍ പീഡന പരാതിയില്‍ ട്രംപിന്റെ പേരുണ്ടെന്നും മസ്‌ക് വെളിപ്പെടുത്തി.
ട്രംപ് അഡ്മിനിസ്‌ട്രേഷന്റെ കാര്യക്ഷമത വകുപ്പില്‍ നിന്നും പുറത്തെത്തിയതോടെയാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍. അഡ്മിനിസ്‌ട്രേഷനില്‍ നിന്നുമുള്ള കാലാവധി അവസാനിച്ച് പുറത്ത് വന്നതിന് പിന്നാലെ ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ സംഭവിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
താന്‍ ഇല്ലായിരുന്നുവെങ്കില്‍ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പരാജയപ്പെടുമായിരുന്നുവെന്നും മസ്‌ക് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലെന്ന് ട്രംപിന്റെ പരിഷ്‌കരണം കാര്യക്ഷമത വകുപ്പിനെ ഉള്‍പ്പെടെ തകിടം മറിക്കുമെന്നും മസ്‌ക് ആരോപിച്ചു.
ട്രംപിന്റെ സിഗ്നേച്ചര്‍ താരിഫുകള്‍ ഈ വര്‍ഷം അവസാനത്തോടെ യു.എസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇലോണ്‍ മസ്‌കിന്റെ കമ്പനികളുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ വെട്ടിക്കുറക്കുമെന്ന് ഡൊണാള്‍ഡ് ട്രംപും ഭീഷണിപ്പെടുത്തുകയുണ്ടായി. ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളറുകള്‍ ലഭിക്കാനുള്ള എളുപ്പ മാര്‍ഗം മസ്‌കിന് സര്‍ക്കാര്‍ അനുവദിച്ച സബ്‌സിഡികളും കരാറുകളും അവസാനിപ്പിക്കുകയെന്നതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഓവല്‍ ഓഫീസില്‍ വെച്ച ട്രംപ് മസ്‌കിനെ വിമര്‍ശിച്ചതും ട്രംപ്-മസ്‌ക് വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണത്തില്‍ നിന്നും പുറത്ത് പോവുന്നതിന് മുമ്പ് തന്നെ ഏജന്‍സികള്‍ക്കുള്ള ശമ്പളം വെട്ടിക്കുറച്ചതില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
അതേസമയം ടെസ്‌ലയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വിപണി മൂല്യം 14.3 ശതമാനം കുറഞ്ഞുവെന്നും 150 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Trump’s name is in the Epstein harassment complaint, he should be impeached from office; Elon Musk against Trump