| Wednesday, 8th April 2026, 11:39 am

ട്രംപിന്റെ മാനസിക നിലയും തീരുമാനങ്ങളും രാജ്യത്തിന് അപകടം; ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ച് യു.എസ് നിയമസഭാംഗം

നിഷാന. വി.വി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ഫയല്‍ ചെയ്തതായി യു.എസ് നിയമസഭാംഗം ജോണ്‍ ലാര്‍സണ്‍.

ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്യുന്നതിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ആശങ്കകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണിത്.

ട്രംപ് പരിധിലംഘിക്കുകയും അമേരിക്കന്‍ ജനതയുടെ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ലാര്‍സണ്‍ പറഞ്ഞു.

ഇംപീച്ച്‌മെന്റിന് പുറമേ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കാനും അദ്ദേഹം മന്ത്രിസഭാ അംഗങ്ങളോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് മാനസികമായി അസ്വസ്ഥനാണെന്നും രാജ്യത്തെ നയിക്കാന്‍ അയോഗ്യനാണെന്നും ലാര്‍സണ്‍ പറഞ്ഞു.

‘ഡൊണാള്‍ഡ് ട്രംപ് എല്ലാ പരിധികളും ലംഘിച്ചു. ഇറാനില്‍ നിയമവിരുദ്ധമായ യുദ്ധം നടത്തി അമേരിക്കന്‍ ജീവിതത്തേയും സമ്പദ് വ്യവസ്ഥയെയും ട്രംപ് അപകടാവസ്ഥയിലാക്കി,’ അദ്ദേഹം പറഞ്ഞു.

യുദ്ധകുറ്റങ്ങള്‍, അശ്രദ്ധമായി തീരുമാനമെടുക്കല്‍, സേവനമനുഷ്ടിക്കാന്‍ യോഗ്യനല്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രംപിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഒരു പ്രസിഡന്റിന് തന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ അധികാരം കൈമാറുന്നതിനാണ് അമേരിക്കന്‍ ഭരണഘടനയിലെ 25ാം ഭേദഗതി ഉപയോഗിക്കുന്നത്.

വൈസ് പ്രസിഡന്റും മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ചേര്‍ന്ന് പ്രസിഡന്റ് അയോഗ്യനാണെന്ന് രേഖാമൂലം അറിയിക്കണം. അത്തരമൊരു പ്രഖ്യാപനം വന്നയുടന്‍ വൈസ് പ്രസിഡന്റ് ആക്ടിങ് പ്രസിഡന്റായി ചുമതലയേല്‍ക്കും.

അതേസമയം ട്രംപ് ഇറാനുമായുളള യുദ്ധത്തില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഇറാനും അംഗീകരിച്ചിട്ടുണ്ട്. 48 മണിക്കൂറില്‍ ഒരു സംസ്‌കാരത്തെ തന്നെ തുടച്ച് നീക്കാന്‍ പോവുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ ഇത് തങ്ങളുടെ ചരിത്ര വിജയമാണെന്നും മുന്നോട്ട് വച്ച പത്തിന കരാര്‍ അമേരിക്ക അംഗീകരിച്ചുവെന്നുമായിരുന്നു ഇറാന്റെ പ്രതികരണം.

Content Highlight: Trump’s mental state and decisions are a danger to the country; US lawmaker introduces impeachment resolution

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more