| Saturday, 9th August 2025, 4:20 pm

'ട്രംപിന്റെ തീരുവകള്‍ ഇന്ത്യയെ റഷ്യയോടും ചൈനയോടും അടുപ്പിക്കും' മുന്നറിയിപ്പുമായി ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യക്ക് മേലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുവകള്‍ യു.എസിന് ഏറ്റവും മോശമായ ഫലം നല്‍കുമെന്ന് മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. റഷ്യയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ട്രംപിന്റെ നീക്കം ഇന്ത്യയെ റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി കൂടുതല്‍ അടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ ഈ അമിത താരിഫ് നടപടികള്‍ യു.എസിന് എതിരെ ഈ രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ കാരണമാകുമെന്നും ജോണ്‍ ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി.

ന്യൂദല്‍ഹിയെ യു.എസില്‍ നിന്ന് കൂടുതല്‍ അകറ്റുകയും റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളുടെ ശ്രമങ്ങളെ അത് ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ നീക്കങ്ങള്‍ യു.എസിന് വലിയ തിരിച്ചടിയായെന്നും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയെന്നും ജോണ്‍ ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. അതേസമയം ട്രംപിന് ചൈനയോടുള്ളത് മൃദുലമായ നിലപാടാണെന്നും ബോള്‍ട്ടണ്‍ പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേല്‍ വലിയ തീരുവകള്‍ ചുമത്തിയപ്പോള്‍, ഏപ്രിലിലെ വ്യാപാര യുദ്ധത്തിന് ശേഷം ചൈനയോട് ട്രംപ് സംയമനം പാലിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ചൈനയുടെ മേല്‍ 30 ശതമാനം താരിഫാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അടിസ്ഥാന തീരുവ ചുമത്തുകയും വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തത്. അതിന് പിന്നാലെ കഴിഞ്ഞ ദിവസം 25 ശതമാനം താരിഫ് കൂടി ഇന്ത്യയ്ക്ക് മേല്‍ ചുമത്തുകയായിരുന്നു.

മുമ്പ് യു.എസിലെ ഒരു വാര്‍ത്താ ഏജന്‍സിക്ക് വേണ്ടി എഴുതിയ ലേഖനത്തില്‍ ബോള്‍ട്ടണ്‍ ഇന്ത്യക്ക് മേല്‍ ട്രംപ് ചുമത്തുന്ന തീരുവകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറേനാളുകളായി ട്രംപിന്റെ വിവിധ നടപടികള്‍ക്ക് എതിരെ അദ്ദേഹം തുടര്‍ച്ചയായി വിമര്‍ശനം നടത്താറുണ്ട്.

Content Highlight: Trump’s former advisor warns that ‘Trump’s tariffs will bring India closer to Russia and China’

We use cookies to give you the best possible experience. Learn more