ടെഹ്‌റാന്‍: ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാനായി യു.എസ് മുന്നോട്ട് വെച്ച 15 പോയിന്റ് സമാധാന കരാര്‍ തള്ളി നിലപാട് കടുപ്പിച്ച് ഇറാന്‍.
യു.എസ് മുന്നോട്ട് വെച്ച കരാര്‍ അങ്ങേയറ്റം യുക്തിരഹിതവും അത്യാഗ്രഹം നിറഞ്ഞതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താന് ഇസ്മായില്‍ ബാഗേയ് പറഞ്ഞു.
ഹൊര്‍മുസ് തുറക്കുന്ന വിഷയത്തിലടക്കം യു.എസ് മുന്നില്‍വെച്ച സമയപരിധി തീരാനിരിക്കെയാണ് ഇറാന്റെ പ്രതികരണം.
പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നും ബാഗേയ് പറഞ്ഞതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീഷണികളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കില്ല. യു.എസ് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിന് തുല്യമായി കണക്കാക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നല്‍കി.
തുടരാക്രമണങ്ങള്‍ക്കിടയിലും പ്രതിരോധത്തിലാണ് ഇറാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സൈനിക ശ്രമങ്ങളും നയതന്ത്രവും ഒരുപോലെ തുടരുകയാണെന്നും ബാഗേയ് പറഞ്ഞു.
യു.എസിനും ഇറാനുമിടയില്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനാണ് 15 ഇന സമാധാന കരാറിന്റെ ചട്ടക്കൂട് തയ്യാറാക്കിയത്. ഞായറാഴ്ച രാത്രിയോടെ തന്നെ ചട്ടക്കൂട് ഇറാനും യു.എസിനും കൈമാറുകയും ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ ഉടനടി നടപ്പാലാക്കുന്നതും ഹോര്‍മുസ് കടലിടുക്ക് ഉടനെ തുറക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ സമഗ്രമായ കരാറാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനും യു.എസും തമ്മില്‍ വിശാലമായ ഒരു ഒത്തുതീര്‍പ്പിന് അന്തിമരൂപം നല്‍കാന്‍ 15-20 ദിവസം മതിയാകുമെന്നും ഇസ്‌ലാമാബാദ് കരാര്‍ എന്ന് താത്കാലികമായി അറിയപ്പെടുന്ന കരാറില്‍ പറയുന്നു. കരാറുമായി ബന്ധപ്പെട്ട് അന്തിമ ചര്‍ച്ചകള്‍ ഇസ്‌ലാമാബാദില്‍ നടക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ യു.എസും ഇറാനും പ്രതികരിച്ചിട്ടില്ല. പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് താഹിര്‍ ആന്‍ദ്രാബിയും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഹോര്‍മുസ് തുറക്കുന്ന വിഷയത്തിലുള്‍പ്പെടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് നല്‍കിയിരിക്കുന്ന അന്തിമ തീയതി ചൊവ്വാഴ്ചയാണ്. ഇറാന് മുകളില്‍ നരകം പെയ്യിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെയും ഇറാന്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
Content Highlight: Trump’s extremely ambitious and illogical 15-point plan will not work; Iran rejects