ന്യൂദല്‍ഹി: യു.എസില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ഇന്ത്യയുടെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയാണ് യു.എസ്. 2024-25ല്‍ ഇന്ത്യയുടെ മൊത്തം ആഗോള മരുന്നുകയറ്റുമതി 30 ബില്യണ്‍ ഡോളറിലധികമായിരുന്നു. 2024ല്‍ മാത്രം ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയുടെ 31 ശതമാനവും അമേരിക്കയിലേക്കായിരുന്നു.
3.6 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ യു.എസിലേക്ക് കയറ്റിയയച്ചത്. 2025ല്‍ യു.എസ്, യു.കെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലും മരുന്നുകള്‍ കയറ്റിയയച്ചത്.
2025 ആദ്യ പകുതിയില്‍ മാത്രം 3.7 ബില്യണ്‍ ഡോളറിന്റെ മരുന്നുകള്‍ കയറ്റിയയച്ചിട്ടുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു. ഈ കണക്കുകള്‍ ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
സെന്‍സസ് ബ്യൂറോയുടെ കണക്ക് പ്രകാരം, 2024ല്‍ മാത്രം 233 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് യു.എസ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാനികള്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളായിരുന്നു. ആഗോള തലത്തില്‍ വിതരണം ചെയ്യപ്പെടുന്ന ജനറല്‍ മെഡിസിനുകളുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 60 ശതമാനം വാക്‌സിനുകളും ഇന്ത്യ കയറ്റിയയക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
മാത്രമല്ല, ഇന്ത്യയുടെ ഫാര്‍മ കയറ്റുമതിയുടെ ഏകദേശം 79 ശതമാനവും ഫോര്‍മുലേഷനുകളും ബയോളജിക്കുകളുമാണ്. ഗുളിക, സിറപ്പ് പോലുള്ള മരുന്നുകളാണ് ഫോര്‍മുലേഷന്‍. ബയോളജിക്കുകള്‍ എന്നാല്‍ വാക്‌സിന് സമാനമായ മരുന്നുകളെയും സൂചിപ്പിക്കുന്നു.
യു.എസിലെ ഇന്ത്യന്‍ ഫാര്‍മയുടെ ഇറക്കുമതിയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും വേദന സംഹാരിക്കും ഉപയോഗിക്കുന്ന മരുന്നുകളാണ്.
അതിനാല്‍ തന്നെ തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യന്‍ ഫാര്‍മയ്ക്ക് തിരിച്ചടിയാകുന്നതോടൊപ്പം ഈ മരുന്നുകളെ ആശ്രയിക്കുന്നവരെയും ബാധിക്കും. അതേസമയം കാലക്രമേണ ഫാര്‍മ രംഗത്തും ഘട്ടംഘട്ടമായി താരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ട്രംപിന്റെ പ്രഖ്യാപനമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.
ഇതിനിടെ ജീവന്‍ രക്ഷാമരുന്നുകള്‍ക്കായി യു.എസ് ചൈനയെ ആശ്രയിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഫാര്‍മ മേഖലയില്‍ പേറ്റന്റുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് യു.എസിന്റെ നീക്കമെന്നും എന്നാല്‍ ഇത് ഇന്ത്യയിലെ ഫാര്‍മ കമ്പനികളെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സസില്‍ ഇടിവ് രേഖപ്പെടുത്തി ഫാര്‍മസ്യൂട്ടിക്കല്‍-ഐ.ടി നിക്ഷേപങ്ങളിലാണ് ഇടിവുണ്ടായത്.
Content Highlight: Trump’s decision to impose a 100% tariff on medicines imported into the US will be a setback for India