| Friday, 4th July 2025, 6:38 am

ട്രംപിന്റെ വിവാദ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' പാസായി; ബില്ലിൽ ഇന്ന് ഒപ്പുവെച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍ പാസായി. ജനപ്രതിനിധി സഭയിലാണ് ബില്‍ പാസായത്. 218ല്‍ 214 അനുകൂല വോട്ടാണ് ബില്ലിന് ലഭിച്ചത്. നേരത്തെ യു.എസ് സെനറ്റും ബില്‍ അംഗീകരിച്ചിരുന്നു. പ്രസ്തുത ബില്ലില്‍ യു.എസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് (വെള്ളിയാഴ്ച) അഞ്ച് മണിക്ക് ട്രംപ് ഒപ്പുവെക്കുമെന്നാണ് വിവരം.

4.5 ട്രില്യണ്‍ യു.എസ് ഡോളറിന്റെ നികുതി ഇളവുകളും ചെലവ് ചുരുക്കലുകളും ഉള്‍ക്കൊള്ളുന്ന ബില്ലാണ് യു.എസ് കോണ്‍ഗ്രസില്‍ പാസായത്.

ബില്‍ പാസായത്തിന് പിന്നാലെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യു.എസ് കോണ്‍ഗ്രസില്‍ പാസായെന്നും ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്കെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.

യു.എസ് ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബില്ലാണിതെന്ന് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യു.എസിലെ ഒരു റോക്കറ്റിനെ കപ്പലാക്കി മാറ്റുമെന്നും മികച്ച ബില്ലാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജൂലൈ നാലിന് മുമ്പ് ഈ ബില്‍ പാസാകുമോയെന്ന് സംശയിച്ചിരുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. അതിര്‍ത്തി സുരക്ഷാമാക്കാനുള്ള എല്ലാ വിഭവങ്ങളും ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിലുണ്ടെന്നും ജെ.ഡി. വാന്‍സ് പ്രതികരിച്ചു.

എന്നാല്‍ ട്രംപിന്റെ നീക്കത്തെ ക്രൂരമായ ഒന്നെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റും ഡെമോക്രറ്റിക് നേതാവുമായ ജോ ബൈഡന്‍ രംഗത്തെത്തി. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാര്‍ക്ക് വലിയ തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും ബൈഡന്‍ എക്സില്‍ കുറിച്ചു.

അതേസമയം ട്രംപിന്റെ വിവാദ ബില്‍ കഷ്ടിച്ചാണ് യു.എസ് സെനറ്റ് കടന്നത്. 50 വോട്ടിനെതിരെ 51 വോട്ടുകളാണ് ബില്ലിന് ലഭിച്ചത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ടൈ ബ്രേക്കിങ് വോട്ട് രേഖപ്പെടുത്തിയത് നിര്‍ണായകമാകുകയിരുന്നു.

കഴിഞ്ഞ ദിവസം ട്രംപിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍ തലവനും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് പുതിയ നിയമനിര്‍മാണത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ട്രംപ് മുന്നോട്ടുവെച്ച ബില്‍ ഒരു ഡെറ്റ് സ്ലേവറി ബില്‍ (debt slavery bill ) ആണെന്ന് വിമര്‍ശിച്ച മസ്‌ക്, പ്രസ്തുത ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു.

‘ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കടം ഉണ്ടാക്കാനിടയുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത കോണ്‍ഗ്രസിലെ അംഗങ്ങളെല്ലാവരും ലജ്ജിക്കണം. അടുത്ത വര്‍ഷം അവര്‍ പ്രൈമറി തോല്‍ക്കുമെന്ന് ഞാന്‍ ഉറപ്പാക്കും,’ മസ്‌ക് പറഞ്ഞു. ഈ ഭ്രാന്തമായ ബില്‍ പാസായാല്‍ അടുത്ത ദിവസം തന്നെ അമേരിക്ക പാര്‍ട്ടി രൂപീകരിക്കപ്പെടുമെന്നായിരുന്നു മസ്‌ക്കിന്റെ മുന്നറിയിപ്പ്.

Content Highlight: Trump’s controversial ‘One Big Beautiful Bill’ passed

We use cookies to give you the best possible experience. Learn more