| Saturday, 18th July 2026, 6:28 pm

ഗസ പുനര്‍നിര്‍മാണ പദ്ധതി ഉപേക്ഷിച്ച് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ്; ഇനി വെറും താത്കാലിക ക്യാമ്പ്

ആദർശ് എം.കെ.

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോര്‍ഡ് ഓഫ് പീസ്’ (ബി.ഒ.പി) ഗസയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ബൃഹത്തായ പുനര്‍നിര്‍മാണ പദ്ധതികള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഗസയെ ആഡംബരപൂര്‍ണ്ണമായ ഒരു ‘ഗാസ റിവിയേര’ ആക്കി മാറ്റുമെന്നും, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നുമുള്ള മുന്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതിനുപകരം, പോര്‍ട്ടബിള്‍ ക്യാബിനുകള്‍ മാത്രം ഉള്‍പ്പെടുന്ന വളരെ ചെറിയൊരു പൈലറ്റ് പ്രൊജക്റ്റിലേക്ക് പദ്ധതി ചുരുങ്ങിയെന്നും ദി ഗാര്‍ഡിയന്‍ അടക്കമുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഫയ്ക്ക് സമീപമുള്ള ബഫര്‍ സോണില്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കായി പോര്‍ട്ടബിള്‍ ക്യാബിനുകള്‍ ഉപയോഗിച്ചുള്ള താത്കാലിക താവളം നിര്‍മിക്കാനാണ് നിലവിലെ നീക്കമെന്ന് അറബ് സെന്റര്‍ വാഷിങ്ടണ്‍ ഡി.സി ചൂണ്ടിക്കാട്ടുന്നു.

ഈ ക്യാമ്പിന്റെ ഭരണം ഫലസ്തീന്‍ ഭരണകൂടവും പൊലീസും ചേര്‍ന്ന് നിര്‍വഹിക്കും. ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ ഒരു ചെറിയ അന്താരാഷ്ട്ര സുരക്ഷാ സേനയെ (International Stabilization Force – ISF) വിന്യസിക്കുമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊറോക്കോ, കൊസോവോ, അല്‍ബേനിയ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരെയാണ് ഈ സേനയില്‍ ഉള്‍പ്പെടുത്തുക. ഇവര്‍ക്കുള്ള പരിശീലനം ഈജിപ്തില്‍ വെച്ചായിരിക്കും നടക്കുക, ഇത് പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കെറെം ഷാലോം ക്രോസിങ്ങില്‍ അന്താരാഷ്ട്ര സേനയ്ക്കായുള്ള ഒരു ലോജിസ്റ്റിക്കല്‍ ബേസിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, റഫയിലെ നിര്‍ദിഷ്ട ക്യാമ്പ് സൈറ്റില്‍ ഇതുവരെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. 2026 ഡിസംബറോടെ മാത്രമേ ഇത് പ്രവര്‍ത്തനസജ്ജമാകൂ എന്നാണ് കരുതുന്നത്.

ഗാസ പുനര്‍നിര്‍മാണത്തിനായി വാഗ്ദാനം ചെയ്തിരുന്ന 17 ബില്യണ്‍ ഡോളറില്‍ വളരെ കുറഞ്ഞ തുക മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. പദ്ധതിക്കാവശ്യമായ പണത്തിനായി, ഇസ്രഈല്‍ തടഞ്ഞുവെച്ചിരിക്കുന്ന 11 ബില്യണ്‍ ഡോളറിന്റെ ഫലസ്തീന്‍ നികുതി വരുമാനം ഉപയോഗിക്കാന്‍ ബോര്‍ഡ് ഓഫ് പീസ് ശ്രമിക്കുന്നത് ഫലസ്തീന്‍ അതോറിറ്റിയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഒക്ടോബര്‍ 27ന് നടക്കുന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പിന് ശേഷമേ പദ്ധതിയില്‍ എന്തെങ്കിലും പുരോഗതി പ്രതീക്ഷിക്കാനാകൂ എന്ന് നയതന്ത്രജ്ഞര്‍ കരുതുന്നു. നെതന്യാഹു സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മാത്രമേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകൂ എന്നാണ് അവരുടെ വിലയിരുത്തല്‍.

ഹമാസിനെ നിരായുധീകരിക്കുന്നതിനെക്കുറിച്ച് കെയ്റോയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ഇസ്രഈല്‍ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇതില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല.

വിമര്‍ശകര്‍ ഈ പദ്ധതിയെ വെറുമൊരു ‘പ്രദര്‍ശന ഗ്രാമം’ (Potemkin village) എന്നാണ് വിശേഷിപ്പിക്കുന്നു. ബാക്കി ഗസയില്‍ നടക്കുന്ന ആക്രമണങ്ങളെയും ഇസ്രഈലിന്റെ അധിനിവേശത്തെയും ന്യായീകരിക്കാന്‍ വേണ്ടിയാണ് ഈ താത്കാലിക ക്യാമ്പ് ഉപയോഗിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു.

മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹുദ് ഓള്‍മെര്‍ട്ട് ഇതിനെ ഒരു ‘കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്’ എന്നാണ് വിളിച്ചത്. ഗസയിലെ അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റിക്കുള്ളിലും ഈ പദ്ധതി വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ഗസയിലെ 2.1 മില്യണ്‍ ജനങ്ങളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രം മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നത് ഫലസ്തീന്‍ ജനതയ്ക്കുള്ളില്‍ വലിയ ഭിന്നതയ്ക്കും വിവേചനത്തിനും വഴിമാറുമെന്ന് അവര്‍ ഭയപ്പെടുന്നു.

Content Highlight:  Trump’s ‘Board of Peace’ abandons Gaza reconstruction plan; now reduced to a mere temporary camp.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more