| Saturday, 2nd May 2026, 10:52 am

ട്രംപിന്റെ ഇറാന്‍ വിരുദ്ധ തന്ത്രങ്ങള്‍ പാളി; യുദ്ധത്തിലുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണം: ജര്‍മന്‍ വൈസ് ചാന്‍സലര്‍

നിഷാന. വി.വി

ബെര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ വിരുദ്ധ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് ജര്‍മന്‍ വൈസ് ചാന്‍സലര്‍ ലാന്‍സ് ക്ലിംഗ്‌ബെയ്ല്‍.

ഇറാനെതിരായ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് ലാന്‍ഡ് ക്ലിംഗ്‌ബെയില്‍ ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് തെറ്റായി ധരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെര്‍ഗാമെനില്‍ഡയില്‍ നടന്ന തൊഴിലാളി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇത് അവസാനിക്കുമെന്നും പിന്നീട് എല്ലാം ശരിയാവുമെന്നും അദ്ദേഹം ശരിക്കും വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു,’ ക്ലിംഗ്‌ബെയില്‍ പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തിന്റെ ഫലമായുണ്ടായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കും വന്‍തോതിലുള്ള സാമ്പത്തിക തകര്‍ച്ചയ്ക്കും അമേരിക്കന്‍ പ്രസിന്റിനെ നേരിട്ട് ഉത്തരവാദിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശം ആവശ്യമില്ല. അദ്ദേഹം സൃഷ്ടിച്ച കുഴപ്പങ്ങള്‍ അദ്ദേഹം തന്നെ പരിശോധിക്കണം. ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,’ അദ്ദേഹം പറഞ്ഞു.

ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെതിരായ ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണം കെടുകയാണെന്നും അതില്‍ നിന്ന് പുറത്ത് കടക്കാന്‍ വാഷിങ്ടണിന് പ്രത്യേക പദ്ധതിയൊന്നുമില്ലെന്നും ജര്‍മന്‍ ചാന്‍സലര്‍ പറഞ്ഞിരുന്നു. പിന്നാലെ ജര്‍മനിക്കെതിരെ ട്രംപും പരാമര്‍ശങ്ങള്‍ ഉന്നയിച്ചു.

ഇറാന്‍ വിഷയത്തില്‍ ഇടപെടുന്നതിന് പകരം ജര്‍മ്മനിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മെര്‍സ് ശ്രമിക്കേണ്ടതെന്ന് ട്രംപ് പരിഹസിച്ചു. മെര്‍സ് എന്താണ് സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlight: Trump’s anti-Iran strategies have failed; He must take responsibility for the economic devastation caused by the war: German Vice Chancellor

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more