| Friday, 8th August 2025, 4:11 pm

ട്രംപിന്റെ ലോകാധിപത്യ മോഹങ്ങളും മോദിയുടെ അപമാനകരമായ കീഴടങ്ങലും

കെ.ടി. കുഞ്ഞിക്കണ്ണന്‍

ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യന്‍ കയറ്റുമതി മേഖലയെയും കാര്‍ഷിക വ്യാവസായിക മേഖലയെയും ഗുരുതരമായി ബാധിക്കുന്നതാണ്.

ഇന്ത്യന്‍ സമ്പദ്ഘടനയെയും ജനജീവിതത്തെയും തകര്‍ക്കുന്ന അമേരിക്കന്‍ ഫൈനാന്‍സ് മൂലധനത്തിന്റെ ആധിപത്യവാഞ്ഛയാണ് ട്രംപിന്റെ തീരുവയുദ്ധത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാവുന്ന ട്രംപിന്റെ 50% തീരുവ പ്രഖ്യാപനം പുറത്തുവന്നിട്ടും അതിനെതിരായി ശക്തമായി പ്രതികരിക്കാന്‍ പോലും നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

അത് രാജ്യമെത്തപ്പെട്ട അമേരിക്കന്‍ വിധേയത്വത്തിന്റെയും അപമാനകരമായ സാമ്രാജ്യത്വ ദാസ്യത്തിന്റെയും ഫലമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവിന്റെ വളരെ മൃദുവായൊരു പ്രസ്താവന മാത്രമാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനെതിരെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ട്രംപിന്റെ തീരുവ യുദ്ധത്തെ ദൗര്‍ഭാഗ്യകരമായ ഒരു തീരുമാനമെന്ന ഔപചാരിക പ്രസ്താവനയില്‍ ഒതുക്കുക മാത്രമാണ് വിദേശകാര്യവക്താവ് രണ്‍ബീര്‍ ജെയ്സ്വാള്‍ ചെയ്തത്.

ഇന്ത്യക്കുള്ള തീരുവ 50% ആക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്ന തീരുവ 50% ആയി വര്‍ദ്ധിക്കുമ്പോള്‍ അത് ഇന്ത്യയുടെ കയറ്റുമതി മേഖലയെയാകെ പ്രതിസന്ധിയിലാക്കും.

സുഗന്ധവ്യജ്ഞനങ്ങള്‍, ചെമ്മീന്‍ അടക്കമുള്ള സമുദ്രോത്പന്നങ്ങള്‍ കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേരളത്തിനും ട്രംപിന്റെ തീരുവ യുദ്ധം കനത്ത പ്രഹരമാണ് ഏല്‍പിക്കുക.

നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും യു.എസ് സന്ദര്‍ശന വേളയില്‍

ടെക്സ്‌റ്റൈല്‍, മരുന്ന് നിര്‍മ്മാണം, തുകല്‍, ആഭരണങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍ തുടങ്ങിയവയ്ക്കും മേലുള്ള ഉയര്‍ന്ന താരിഫ് പ്രഖ്വ്യാപനം വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഇലക്ട്രാണിക്സ്, പെട്രോളിയം തുടങ്ങിയ കയറ്റുമതി മേഖലകളിലും ഇത് വലിയ ആഘാതമുണ്ടാക്കും.

റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ 25% അധിക തീരുവ പ്രഖ്യാപനം വന്നത്. അതായത് 25% പ്രതികാര ചുങ്കമായിട്ടാണ് പ്രഖ്യാപിച്ചത്.

ആ 25% തീരുവ വ്യാഴാഴ്ചമുതല്‍ നിലവില്‍വരും. പിന്നീട് പ്രഖ്യാപിച്ച 25% അധിക തീരുവ 21 ദിവസത്തിനുശേഷം നിലവില്‍ വരുമെന്നാണ് ട്രംപിന്റെ ഉത്തരവ് പറയുന്നത്.

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ ഒഴിവാക്കി അമേരിക്ക ക്രൂഡോയില്‍ കൂടുതല്‍ വാങ്ങിയിട്ടും മോദിയുടെ പ്രിയപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് ഇന്ത്യയെ വെറുതെവിട്ടില്ല. ഇത് മോദി സര്‍ക്കാരിന്റെ അമേരിക്കന്‍ പ്രീണനനയങ്ങള്‍ക്കേറ്റ തിരിച്ചടികൂടിയാണ്.

ഇന്ത്യയ്ക്കും ബ്രസീലിനുമെതിരെയാണ് ട്രംപ് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും 50% ആണ് തീരുവ പ്രഖ്യാപിച്ചത്.

അതുകഴിഞ്ഞാല്‍ 39% തീരുവയാണ് സ്വിറ്റ്‌സര്‍ലണ്ടിനുമേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കനഡയ്ക്ക് 35%ഉം ചൈനക്കും ദക്ഷിണാഫ്രിക്കയ്ക്കും 30%ഉം മെക്സിക്കോയ്ക്ക് 20%ഉം ആണ് ട്രംപ് പുതുതായി ഉയര്‍ന്ന തീരുവ ചുമത്തിയത്.

പാക്കിസ്ഥാന് 19% മാത്രമാണ് തീരുവ. കൂടുതല്‍ രാജ്യങ്ങള്‍ക്കും 10 മുതല്‍ 15 വരെ ശതമാനം തീരുവ സ്ലാബുകളാണ് ചുമത്തിയിട്ടുള്ളത്. 2024-25 വര്‍ഷത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതായിരുന്നു.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 7.53 ലക്ഷംകോടി രൂപയും ഇറക്കുമതി 3.94 ലക്ഷം കോടിയുമായിരുന്നു. അതായത് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചമുണ്ടായിരുന്നു.

ഡൊണാള്‍ഡ് ട്രംപ്

മോദിയുടെ അതിരുവിട്ട അമേരിക്കന്‍ പ്രീണനത്തിനിടയില്‍ തന്നെയാണ് കടുത്ത ഇന്ത്യാവിരുദ്ധ നിലപാട് കുടിയേറ്റ പ്രശ്നത്തിലെന്നപോലെ കയറ്റുമതി ചുങ്കത്തിന്റെ കാര്യത്തിലും മോദി സ്വീകരിച്ചിരിക്കുന്നത്.

പ്രസിഡണ്ട് ട്രംപ് അമേരിക്കയുടെ മാത്രമല്ല താന്‍ ലോകത്തിന്റെ തന്നെ പ്രസിഡണ്ടാണെന്ന മട്ടിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ലോകജനതയ്ക്കും സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കുംമേലുള്ള നവഫൈനാന്‍സ് മൂലധനത്തിന്റെ ഏകാധിപത്യപരമായ കടന്നാക്രമണത്തെയാണ് ട്രംപിന്റെ നീക്കങ്ങള്‍ കാണിക്കുന്നത്.

ട്രംപിനെപോലുള്ള ഒരു നവഫാസിസ്റ്റുമായി സന്ധിചെയ്തിരിക്കുന്ന മോദി സര്‍ക്കാരിന് ഈ നവസാമ്രാജ്യത്വ അധിനിവേശത്തെ അതിന് വിധേയമാകുന്ന രാജ്യങ്ങളെയാകെ യോജിപ്പിച്ച് പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല.

വന്‍ശക്തിമേധാവിത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ച ഇന്ത്യയുടെ പാരമ്പര്യത്തെയും സ്വതന്ത്ര വിദേശനയത്തെയും കയ്യൊഴിഞ്ഞുകൊണ്ടാണ് 1990-കള്‍ മുതല്‍ നമ്മുടെ രാജ്യത്ത് ആഗോളവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.

ട്രംപ് നേതൃത്വം നല്‍കുന്ന നവഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള മിലിറ്ററി-ഇന്‍ഡസ്ട്രിയല്‍ മീഡിയ കൂട്ടുകെട്ടിനെതിരായ ലോകമെമ്പാടുമള്ള സാമ്രാജ്യത്വവിരുദ്ധശക്തികളെ ഒന്നിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.

അമേരിക്കയുടെ ലോകമേധാവിത്വത്തെയും സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണങ്ങളെയും വ്യാപാരയുദ്ധത്തെയും എതിര്‍ക്കാതെ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് അതിന്റെ പരമാധികാരവും സ്വാശ്രയത്വവും നിലനിര്‍ത്താനാവില്ല.

നരേന്ദ്രമോദി

മോദി സര്‍ക്കാര്‍ അതിന്റെ രാജ്യദ്രോഹപരമായ അമേരിക്കന്‍ വിധേയത്വവും സാമ്രാജ്യത്വദാസ്യവും രാജ്യത്തിന്റെ സമസ്തമേഖലകളിലും വിദേശമൂലധന നിക്ഷേപത്തിനും അനുമതി നല്‍കിക്കൊണ്ട് പ്രകടിപ്പിച്ചതാണ്.

പ്രതിരോധരംഗത്തുപോലും 100% വിദേശ മൂലധനനിക്ഷേപം അനുവദിക്കുന്ന നയമാണ് ഹിന്ദുത്വവാദികള്‍ തുടരുന്നത്. 2001-ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഇന്തോ-യു.എസ് പ്രതിരോധ ധാരണകളുടെ പൂര്‍ത്തീകരണമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

2005-ല്‍ യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകളെ വകവെയ്ക്കാതെ അമേരിക്കയുമായുണ്ടാക്കിയ പ്രതിരോധരംഗത്തെ സഹകരണധാരണകളാണ് മോദി സര്‍ക്കാര്‍ വിസ്തൃതമായ തലങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ എല്ലാ മേഖലകളിലും 100% എഫ്.ഡി.ഐക്ക് അനുമതി നല്‍കുന്ന നയമാണ് ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ വകുപ്പ് തയ്യാറാക്കിയത്. ഇതാണ് മോദി സര്‍ക്കാരിന്റെ വാണിജ്യവ്യവസായ നയമായി മാറിയത്.

Content Highlight: Trump’s 50% tariff shock to india Writeup KT Kunjikannan

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more