| Friday, 26th September 2025, 7:35 am

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും കടുത്ത തീരുവ ഏര്‍പ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 100 ശതമാനം തീരുവയാണ് ട്രംപ് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ നിര്‍മാണ പ്ലാന്റ് നിര്‍മിക്കാത്ത കമ്പനികളുടെ മരുന്നുകള്‍ക്കായിരിക്കും തീരുവ ബാധകം.

ഒക്ടോബര്‍ ഒന്നിന് തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് മാനുഫാക്ചറേഴ്‌സ് രംഗത്തെത്തി.

2025ല്‍ അമേരിക്കയില്‍ ഉപയോഗിക്കുന്ന മരുന്നുകളിലെ 85.6 ബില്യണ്‍ ഡോളര്‍ വരുന്ന മിശ്രിതങ്ങളുടെ 53 ശതമാനവും യു.എസില്‍ നിര്‍മിക്കുന്നതാണ്.

ബാക്കി യൂറോപ്പില്‍ നിന്നും മറ്റ് യു.എസ് സഖ്യകക്ഷികളില്‍ നിന്നുമാണ് കണ്ടെത്തുന്നതെന്നും ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച് ആന്‍ഡ് മാനുഫാക്ചറേഴ്‌സ് വ്യക്തമാക്കി. ഇത് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ രംഗത്തെ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഒരു അമേരിക്കന്‍ വ്യാപാര ഗ്രൂപ്പാണ്.

ഇതിനുപുറമെ അന്യായമായ ബാഹ്യ മത്സരങ്ങളില്‍ നിന്ന് നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിനായി പുതിയ ഹെവി-ഡ്യൂട്ടി ട്രക്ക് താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ഇതുപ്രകാരം, എല്ലാ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഈടാക്കും.

ഈ വിഭാഗത്തില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്നത് മെക്‌സിക്കോ, കാനഡ, ജപ്പാന്‍, ജര്‍മനി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്.

2019 മുതല്‍ മെക്‌സിക്കോയില്‍ നിന്നുള്ള ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ഇറക്കുമതി മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഈ അഞ്ച് രാജ്യങ്ങളും അമേരിക്കയുടെ സഖ്യകക്ഷികളോ പങ്കാളികളോ ആണ്. ഇവര്‍ യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അടുക്കള കാബിനറ്റുകള്‍ക്ക് 50 ശതമാനം തീരുവ ഈടാക്കുമെന്നും ട്രംപിന്റെ അറിയിപ്പുണ്ട്. മാത്രമല്ല അടുത്ത ആഴ്ച മുതല്‍ ബാത്ത്‌റൂം വാനിറ്റികള്‍ക്ക് 50 ശതമാനവും അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനം തീരുവ ഈടാക്കുമെന്നും ട്രംപ് അറിയിച്ചു.

ബാത്ത്‌റൂം വാനിറ്റികള്‍ക്കുള്ള തീരുവ വര്‍ധിപ്പിക്കുന്നത് അവയുടെ അധിക ഇറക്കുമതി കണക്കിലെടുത്താണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ നിന്ന് യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിലുണ്ട്. ട്രംപിന്റെ പുതിയ താരിഫ് ഇന്ത്യന്‍ കമ്പനികളെയും പ്രതിസന്ധിയിലാക്കും.

Content Highlight: Trump’s 100% tariff on drugs imported into the US

We use cookies to give you the best possible experience. Learn more