| Sunday, 12th October 2025, 7:41 pm

ട്രംപിന്റെ 100% തീരുവ കാപട്യം; തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തില്ല: ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയോട് പ്രതികരിച്ച് ചൈന. ട്രംപിന്റെ പുതിയ നീക്കം വെറും കാപട്യം മാത്രമാണെന്ന് ചൈന വിമര്‍ശിച്ചു. അപൂര്‍വ ധാതുക്കളുടെയും ഉപകരണങ്ങളുടെയും കയറ്റുമതിക്ക് തങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ന്യായമാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

അതേസമയം, ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച് പ്രതികാരെ ചെയ്യില്ലെന്നും 100 ശതമാനം അധിക തീരുവ എന്ന തീരുമാനവുമായി യു.എസ് മുന്നോട്ട് പോയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

. ട്രംപിന്റെ അധിക തീരുവ ചുമത്തിയ നടപടിയോടുള്ള ചൈനയുടെ ആദ്യത്തെ പരസ്യപ്രതികരണമാണ് വാണിജ്യമന്ത്രാലയത്തിന്റെത്.

കഴിഞ്ഞ മാസം മാഡ്രിഡില്‍ നടന്ന ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷം യു.എസ് സ്വീകരിച്ച നടപടികള്‍ക്കുള്ള മറുപടിയായാണ് അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് ചൈനയുടെ വിശദീകരണം.

ചൈനീസ് കമ്പനികളെ യു.എസ് വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ചൈനയുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക്  തുറമുഖ ഫീസ് ഏര്‍പ്പെടുത്തിയതും വാണിജ്യമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഇതിനെ ശക്തമായി എതിര്‍ക്കുന്നെന്നും വാണിജ്യമന്ത്രാലയം പ്രതികരിച്ചു.

യു.എസിന്റെ നടപടികള്‍ ചൈനയുടെ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ചര്‍ച്ചകളുടെ അന്തരീക്ഷത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തെന്നും വാണിജ്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ കുറ്റപ്പെടുത്തി.

വ്യാഴാഴ്ചയാണ് ലിഥിയം ബാറ്ററികള്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മൂലകങ്ങളുടെയും ഇവയുടെ ഖനനത്തിനും സംസ്‌കരണത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഉടനടി പ്രാബല്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ കാരണം ഉത്പാദന സാങ്കേതികവിദ്യകളുടെ കയറ്റുമതിയെ കാര്യമായി ബാധിച്ചിരുന്നു.

തൊട്ടുപിന്നാലെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് 100 ശതമാനം തീരുവ ചുമത്തിയത്. നവംബര്‍ ഒന്നിന് പുതുക്കിയ തീരുവയും നിര്‍ണായക സോഫ്റ്റ് വെയറുകളുടെ കയറ്റുമതി നിയന്ത്രണവും പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഉയര്‍ന്ന തീരുവയില്ലാതെ ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നതിനിടെ ചൈന പെട്ടെന്ന് വ്യാപാരത്തില്‍ പിരിമുറുക്കം കൊണ്ടുവന്നുവെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ പങ്കിട്ട നീണ്ട കുറിപ്പിലൂടെ ആരോപിച്ചിരുന്നത്. അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് ചൈന ലോകരാജ്യങ്ങള്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ഇത് ശത്രുതാപരമായ നിലപാടാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

കാറുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനഘടകങ്ങളായ ധാതുക്കളുടെ ഉത്പാദനത്തില്‍ ലോകത്ത് തന്നെ ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ് ചൈന.

ഈ വര്‍ഷമാദ്യവും ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ചൈന യു.എസിലേക്കുള്ള കെമിക്കല്‍ ധാതുക്കളുടെ കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.

ഇതോടെ ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിച്ചിരുന്ന യു.എസിലെ കമ്പനികള്‍ പ്രതിസന്ധിയിലാവുകയും ട്രംപിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന് കാറുത്പാദനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വരെ ചെയ്തു.

ഇതിനിടെ മേയ് മാസത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന ഉയര്‍ന്ന തീരുവ വെട്ടിക്കുറച്ച് 30 ശതമാനമാക്കിയിരുന്നു. ഈ തീരുമാനം തിരുത്തിയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ ചുമത്തിയിരിക്കുന്നത്. അതേസമയം, യു.എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയിലെ തീരുവ നിലവില്‍ 10 ശതമാനമാണ്.

Content Highlight: Trump’s 100% tariff is hypocritical; China will not impose additional tariffs on American products

We use cookies to give you the best possible experience. Learn more