വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന ചരക്കു കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം പിന്‍വലിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 ശതമാനം ഫീസ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പോലും പിന്നിടും മുമ്പാണ് ഈ പ്രഖ്യാപനം ട്രംപ് പിന്‍വലിച്ചത്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി അറിയിച്ചത്. പശ്ചിമേഷ്യന്‍ നേതാക്കളുമായി നടത്തിയ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് താന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം മാറ്റിയതെന്നും ട്രംപ് പറഞ്ഞു.
ഹോര്‍മുസില്‍ തങ്ങള്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ഇതിനാല്‍ ഫീസ് തരണമെന്നുമായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് അമേരിക്കയ്ക്ക് വലിയൊരു ബാധ്യതയാണെന്നും അതിനാല്‍ ഈ സേവനത്തിന് സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങള്‍ പണം നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘ലോകത്തിലെ വളരെ സമ്പന്നരായ ഒരു വിഭാഗത്തെ സംരക്ഷിക്കുന്നതിന് അവര്‍ ഇങ്ങോട്ട് പണം തരണം. ഞങ്ങളാണ് പണം ചിലവഴിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് വലിയൊരു ബാധ്യതയാണ്. ഈ സംരക്ഷണത്തിന് ഞങ്ങള്‍ പണം തിരികെ വാങ്ങും,’ ട്രംപ് പറഞ്ഞു.
സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളെയും ഇസ്രഈലിനെയും അമേരിക്ക സംരക്ഷിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
Content Highlight:Trump reverses 20-percent Hormuz tariff announcement