| Friday, 9th May 2025, 11:03 pm

ഒടുവില്‍ പിന്നോട്ടടിച്ച് ട്രംപ്; ചൈനയുടെ താരിഫ് 145%ത്തില്‍ നിന്ന് 80% ആയി കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ്-ചൈന വ്യാപാര യുദ്ധത്തിനിടെ ചൈനയോടുള്ള നിലപാടില്‍ മാറ്റം വരുത്തി ട്രംപ്. യു.എസിലെയും ചൈനയിലെയും ഉന്നത വ്യാപാര ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്ക് മുന്നോടിയായി ചൈനയ്ക്ക് ചുമത്തിയ താരിഫ് 145% ത്തില്‍ല് നിന്ന് 80% ആയി കുറയ്ക്കാന്‍  യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു.

‘ചൈനയ്ക്ക് 80% താരിഫ് ശരിയാണെന്ന് തോന്നുന്നു,’ എന്നാണ് ട്രംപ് ഇന്ന് (വെള്ളിയാഴ്ച) തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ കുറിച്ചത്.

താരിഫ് ഉയര്‍ത്തിക്കൊണ്ട് ട്രംപ് വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രധാന ചര്‍ച്ചയാണ് വരും ദിവസങ്ങളില്‍ നടക്കാന്‍ പോവുന്നത്. യു.എസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ചാണ് ചൈനീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുക. യു.എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലൈഫെങ്ങുമായാണ് കൂടിക്കാഴ്ച.

അതേസമയം ചൈനയോട് അവരുടെ വിപണികള്‍ യു.എസിനായി തുറന്നുകൊടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതാണ് ചൈനയ്ക്ക്‌ നല്ലതെന്നും അടച്ചിട്ട വിപണികള്‍ ഇനി പ്രവര്‍ത്തിക്കില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. നിലവില്‍ ചൈനയ്‌ക്കെതിരായ യു.എസ് താരിഫ് ഇപ്പോള്‍ 145% ഉം യു.എസിനെതിരായ ചൈനയുടെ താരിഫ് 125% ഉം ആണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൈറ്റ് ഹൗസ് 145% തീരുവ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ ചൈനീസ് ഭരണകൂടവും വര്‍ധിപ്പിച്ചിരുന്നു. 84% നിന്ന് 125% ആയാണ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ ചൈന വര്‍ധിപ്പിച്ചത്.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനസമയത്ത് 34 % താരിഫ് ആയിരുന്നു ട്രംപ് ചൈനയ്ക്ക് ചുമത്തിയിരുന്നത്. എന്നാല്‍ അതിന്റെ കൂടെ മുമ്പ് രണ്ട് തവണയായി പ്രഖ്യാപിച്ച 10% കൂടി കൂട്ടി 54% ആയി. തുടര്‍ന്ന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ചൈന വര്‍ധിപ്പിച്ചതോടെ പ്രകോപിതനായ ട്രംപ് വീണ്ടും 50% താരിഫ് കൂട്ടി അത് 104% ആക്കി ഉയര്‍ത്തി.

തുടര്‍ന്ന് ചൈനയും അവരുടെ താരിഫ് വര്‍ധിപ്പിച്ച് 84% ആക്കി. ഇതില്‍ പ്രകോപിതനായ ട്രംപ് ചൈനയ്ക്കുള്ള താരിഫ് 125 ആക്കിയെങ്കിലും വൈറ്റ് ഹൗസ് അത് 145% ആക്കി ഉയര്‍ത്തി. ഇതിന് മറുപടി ആയാണ് ചൈന യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം 125% ആയി വര്‍ധിപ്പിച്ചത്.

മറ്റ് ലോകരാജ്യങ്ങള്‍ക്കുള്ള പകരച്ചുങ്കം നടപ്പിലാക്കുന്നതിന് മൂന്ന് മാസം സാവകാശം അനുവദിച്ച ട്രംപ് ചൈനയെ മാത്രമാണ് ഇളവില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ട്രംപിന് മുന്നില്‍ അടിയറവ് പറയില്ലെന്ന് തീരുമാനത്തോടെ വ്യാപാരയുദ്ധത്തില്‍ ട്രംപിനോട് പോരാടാനൊരുങ്ങുകയാണ് ചൈന. ട്രംപിന്റെ വ്യാപാര ഭീഷണി ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്നും ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

Content Highlight: Trump reduced China tariffs from 145% to 80%

We use cookies to give you the best possible experience. Learn more