ദമാസ്‌കസ്: സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് വാക്ക് നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം ക്രൂരമായിരുന്നുവെന്നും സിറിയന്‍ ജനതയ്ക്ക് സമാധാനത്തിനുള്ള അവസരം നല്‍കുന്നതിനായി ഉപരോധം പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
‘വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ സര്‍ക്കാരാണ് സിറിയയിലുള്ളത്. ഞാന്‍ ആശംസകള്‍ നേരുന്നു. മുന്നേറാനുള്ള സമയം രാജ്യത്തിന് അടുത്തുകഴിഞ്ഞു,’ ട്രംപിനെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഷിബാനി ആവശ്യം ഉന്നയിച്ചത്.
ഇതിനുപിന്നാലെയാണ് സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് ട്രംപ് അറിയിച്ചത്. സൗദി ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനോടും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനോടും സംസാരിച്ചതിന് ശേഷമാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും ട്രംപ് അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ ആഴ്ച അവസാനം തുര്‍ക്കിയില്‍ വെച്ച് സിറിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
സൗദിയുമായി പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയും സിറിയന്‍ പ്രസിഡന്റ് അല്‍ ഷറയുമായി കൂടിക്കാഴ്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയിലുമാണ് ട്രംപിന്റെ തീരുമാനം.
നേരത്തെ യൂറോപ്യന്‍ യൂണിയനും സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ചിരുന്നു. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ എണ്ണ, വാതകം, വൈദ്യുതി എന്നിവ ഉള്‍പ്പെടുന്ന ഊര്‍ജ മേഖലയിലെ നിയന്ത്രണങ്ങളും ഗതാഗത മേഖലയിലെ ഉപരോധങ്ങളും താത്കാലികമായി പിന്‍വലിക്കാന്‍ ഇ.യു വിദേശകാര്യമന്ത്രിമാര്‍ തീരുമാനിക്കുകയായിരുന്നു.
സിറിയയിലെ അഞ്ച് ബാങ്കുകളുടെ ആസ്തി മരവിപ്പിച്ച തീരുമാനവും യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചിരുന്നു.
സിറിയന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഇ.യു വെട്ടിക്കുറച്ചിരുന്നു. വ്യക്തിഗത ഉപയോഗത്തിനായി സിറിയയിലേക്ക് ആഡംബര വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും ലഘൂകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല.
സിറിയയിലെ അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതോടെയാണ് യൂറോപ്യന്‍ യൂണിയന്റെയും യു.എസ് പ്രസിഡന്റിന്റെയും തീരുമാനം.
നേരത്തെ സിറിയയുടെ ആയുധ വ്യാപാരം, സോഫ്റ്റ് വെയര്‍ എന്നീ മേഖലകളില്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ വിവിധ ഉപരോധങ്ങള്‍ യൂണിയന്‍ ഇപ്പോഴും തുടരുന്നുണ്ട്.
Content Highlight: Trump promises to lift sanctions on Syria