വാഷിങ്ടണ്‍: ഗസയിലെ ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സിലേക്ക് സൈന്യത്തെ സംഭാവന ചെയ്യാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷ്യല്‍ അസിം മുനീറിനുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നതായുളള വാര്‍ത്തകള്‍ റോയിറ്റേസ് റിപ്പോര്‍ട്ട് ചെയ്തു.
വരും ആഴ്ച്ച മുനീര്‍ അമേരിക്ക സന്ദര്‍ശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടിക്കാഴ്ച്ചയില്‍ ഗസയിലേക്കുള്ള സൈനിക സംഭാവനയായിരിക്കും പ്രധാനവിഷയം.
ട്രംപും അസിം മുനീറും ആറ് മാസത്തിനിടയില്‍ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ച്ചയാവും ഇത്.
എന്നാല്‍ പാക്കിസ്ഥാനില്‍ ഇത് ആഭ്യന്തര കലാപത്തിന് കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാനിലെ തീവ്രമതവാദികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
മുസ്‌ലികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവെന്ന നിലയില്‍ അസിം മുനീറിന് പാക്കിസ്ഥാനിലുള്ള പിടിപാട് ചെറുതല്ല. അതിനിടയില്‍ ഇത്തരത്തിലുള്ള നീക്കം അദ്ദേഹത്തെ വെട്ടിലാക്കാന്‍ സാധ്യതകള്‍ ഏറെയാണെന്നാണ് വിലയിരുത്തലുകള്‍.
എന്നാല്‍ ട്രംപുമായുളള ബന്ധം നിലനിര്‍ത്തേണ്ടതും അസിം മുനീറിന് ആവശ്യമാണ്.
ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ഇരുപതിന കരാറില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രാജ്യാന്തര സുരക്ഷാ സേനയുടെ രൂപീകരണം.
ഈ സേനയിലേക്ക് മുസ്‌ലിം രാജ്യങ്ങളിലെ സേനയെ അയക്കാനാണ് ട്രംപിന്റെ തീരുമാനം. എന്നാല്‍ വിഷയത്തിലെ വ്യക്തതകുറവുകള്‍ കാരണം അറബ്-മുസ്‌ലിം രാജ്യങ്ങള്‍ സംഭാവന നല്‍കാന്‍ മടിക്കുന്നതിനാല്‍ പദ്ധതി മന്ദഗതിയിലാണ്.
ഇതുമായി ബന്ധപ്പെട്ട് ദോഹയില്‍ വെച്ച് ചൊവ്വാഴ്ച്ച നടന്ന യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് സമ്മേളനം പരാജയമായിരുന്നു. പങ്കെടുത്ത 45 രാജ്യങ്ങളും ഐ.എസ്.എഫിലേക്ക് സൈന്യത്തെ സംഭാവന ചെയ്യുമെന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.
സേനയുടെ അധികാര പരിധിയെക്കുറിച്ചുള്ള വ്യക്തത കുറവും ഹമാസിനെ നിരായുധീകരിക്കുകയെന്ന ലക്ഷ്യത്തിലുള്ള താല്‍പര്യ കുറവുമാണ് പ്രധാനകാരണമെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlight : Trump plans to seek Pakistan’s help to destroy Hamas