| Saturday, 31st May 2025, 7:32 am

വിദേശ ഇറക്കുമതി സ്റ്റീലുകള്‍ക്ക് ജൂണ്‍ നാല് മുതല്‍ 50 ശതമാനം തീരുവ ചുമത്താനൊരുങ്ങി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെന്‍സില്‍വാനിയ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലുകള്‍ക്ക് ജൂണ്‍ നാല് മുതല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ 25 ശതമാനമുള്ള സ്റ്റീലുകളുടെ തീരുവ ഇരട്ടിയായി വര്‍ധിപ്പിക്കുന്നതായാണ് ട്രംപിന്റെ പ്രഖ്യാപനം.

വിദേശ സ്റ്റീലുകളുടെ ഇറക്കുമതി ഇരട്ടിയാക്കുന്നത് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് സ്റ്റീലിന്റെ പെന്‍സില്‍വാനിയയിലെമോണ്‍ വാലി വര്‍ക്‌സ്- ഇര്‍വിന്‍ പ്ലാന്റില്‍ സംസാരിക്കവേയാണ് ട്രംപിന്റെ പ്രഖ്യാപനം.

താരിഫ് വര്‍ധനവ് ആഭ്യന്തര സ്റ്റീല്‍ ഉത്പാദകരെ കൂടുതല്‍ സംരക്ഷിക്കുകയും അമേരിക്കന്‍ ഉത്പാദനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

25 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന തീരുവ 25ല്‍ നിന്ന് 50 ശതമാനം ആക്കാന്‍ പോകുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇത് അമേരിക്കയിലെ ഉരുക്ക് വ്യവസായത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഷാങ്ഹായില്‍ നിന്നുള്ള മോശം സ്റ്റീലിനെ ആശ്രയിക്കുന്നതിന് പകരം പീറ്റ്‌സ്ബര്‍ഗിന്റെ ശക്തിയും അഭിമാനവും ഉപയോഗിച്ച് അമേരിക്കയുടെ ഭാവി കെട്ടിപ്പെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ സ്റ്റീല്‍, അലൂമിനീയം തുടങ്ങിവയ്ക്ക് താരിഫ് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

പിന്നാലെ ഇറക്കുമതി ചെയ്യുന്ന മിക്ക സ്റ്റീലിനും അലൂമിനിയത്തിനും 25 ശതമാനം താരിഫ് മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. കനേഡിയന്‍ സ്റ്റീലിന് 50 ശതമാനം ലെവി ചുമത്തുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Trump plans to impose 50 percent tariffs on foreign steel imports from June 4

We use cookies to give you the best possible experience. Learn more