| Monday, 5th May 2025, 7:46 am

വിദേശ സിനിമകൾക്ക് 100% തീരുവ ചുമത്തി ട്രംപ്; ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: വിദേശ സിനിമകൾക്ക് 100% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ പുതിയ നീക്കമെന്നാണ് ട്രംപിന്റെ വാദം. യു.എസിന് പുറത്ത് നിർമിക്കുന്ന എല്ലാ സിനിമകൾക്കും 100 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ വാണിജ്യ വകുപ്പിനും യു.എസ് വ്യാപാര പ്രതിനിധിക്കും (യു.എസ്.ടി.ആർ) അധികാരം നൽകിയതായി യു.എസ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചു.

തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്ത് വിട്ടത്. വിദേശ സിനിമകൾ അമേരിക്കൻ ദേശീയതക്ക് ഭീഷണിയാണെന്നും ട്രംപ് വാദിക്കുന്നുണ്ട്. താരിഫ് ഉടൻ ഏർപ്പെടുത്താൻ വാണിജ്യ വകുപ്പിനെയും യു.എസ് വ്യാപാര പ്രതിനിധിയെയും അധികാരപ്പെടുത്തിയതായി പറയുന്നുണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന വിശദാംശങ്ങൾ ട്രംപ് പുറത്ത് വിട്ടിട്ടില്ല.

‘ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും തകർന്നുകൊണ്ടിരിക്കുകയാണ്. ഇത് മറ്റ് രാജ്യങ്ങളുടെ സംഘടിത ശ്രമമാണ്. അതിനാൽ ഇത് ഒരു ദേശീയ സുരക്ഷാ ഭീഷണിയാണ്. മറ്റെല്ലാത്തിനും പുറമെ ഇത് മാറ്റ് രാജ്യങ്ങളുടെ ആശയങ്ങൾ അമേരിക്കയിലെത്തിക്കാനുള്ള ശ്രമമാണ് ,’ ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.

ആഭ്യന്തര ചലച്ചിത്ര നിർമാണത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത എടുത്ത് പറഞ്ഞ ട്രംപ് തങ്ങൾക്ക് വീണ്ടും അമേരിക്കയിൽ നിർമിക്കുന്ന സിനിമകൾ വേണമെന്ന് പറഞ്ഞു. പുതിയ താരിഫുകൾ സിനിമാ മത്സരരംഗത്ത് തങ്ങളെ തുല്യ നിലയിലെത്തിക്കുമെന്നും സ്റ്റുഡിയോകളെ അമേരിക്കൻ മണ്ണിൽ പ്രവർത്തനങ്ങൾ തുടരാൻ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ അമേരിക്കയിൽ സിനിമാ ടിക്കറ്റുകൾ കുറഞ്ഞിരുന്നു. കൂടാതെ ഉപഭോക്താക്കൾ വീട്ടിലിരുന്ന് സിനിമകൾ കാണുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുകയും ചെയ്തിരുന്നു.

2018ൽ യു.എസ് ബോക്‌സ് ഓഫീസ് ഗ്രോസ് 12 ബില്യൺ ഡോളറിൽ താഴെയായിരുന്നു. പിന്നീട് 2020ൽ രണ്ട് ബില്യൺ ഡോളറിലേക്ക് കുതിച്ചു. തിയേറ്ററുകൾ വീണ്ടും ശക്തി പ്രാപിച്ചെങ്കിലും റിലീസുകളുടെ എണ്ണം 2019ൽ ഉണ്ടായിരുന്നതിന്റെ പകുതിയോളം ആയിരുന്നു. അതിനുശേഷം മൊത്തം ആഭ്യന്തര ബോക്‌സ് ഓഫീസ് ഗ്രോസ് ഒമ്പത് ബില്യൺ ഡോളറിനെ മറികടന്നിട്ടില്ല.

സ്ട്രീമിങ് നെറ്റ്‌വർക്കുകൾ പ്രധാനമായും വലിയ ഹോളിവുഡ് സ്റ്റുഡിയോകളുടെ ഉടമസ്ഥതയിലാണ്, എന്നാൽ നെറ്റ്ഫ്ലിക്സ് ഒഴികെയുള്ള സ്ട്രീമിങ് പ്ലാറ്റുഫോമുകൾക്ക് ലാഭമുണ്ടാക്കാൻ വർഷങ്ങളെടുത്തിരുന്നു.

ഞായറാഴ്ച നടത്തിയ പ്രത്യേക പ്രഖ്യാപനത്തിൽ, സാൻ ഫ്രാൻസിസ്കോ ബേയിലെ പ്രശസ്തമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാനുള്ള പദ്ധതിയും ട്രംപ് വെളിപ്പെടുത്തി. 1963ൽ അടച്ചുപൂട്ടുന്നതിനുമുമ്പ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ ചില കുറ്റവാളികളെ പാർപ്പിച്ചിരുന്ന ഇടമായിരുന്നു ഈ ജയിൽ. വികസിപ്പിക്കാനും നീതിന്യായ വകുപ്പ്, എഫ്.ബി.ഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവയുമായി ഏകോപിപ്പിച്ച് ഇത് പുനർനിർമിക്കാൻ അദ്ദേഹം ബ്യൂറോ ഓഫ് ജയിൽസിനോട് നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.

രാജ്യത്തെ ഏറ്റവും അക്രമാസക്തരും അപകടകാരികളുമായകുറ്റവാളികളെ പാർപ്പിക്കാനുള്ള ഇടമായി പുതിയ അൽകാട്രാസ് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു.

Content Highlight: Trump orders a 100% tariff on foreign movies

We use cookies to give you the best possible experience. Learn more