വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദവുമായി വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലിയ ആണവായുധ യുദ്ധമാണ് ഒഴിവാക്കിയതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളെ വെടിനിര്‍ത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കിയെന്നും സ്ഥിരമായ വെടിനിര്‍ത്തലിനാണ് മധ്യസ്ഥ വഹിച്ചതെന്നും ട്രംപ് പറഞ്ഞു. ഇതിനുപുറമെ മധ്യസ്ഥത വിജയം കണ്ടതില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയയോടും ഡൊണാള്‍ഡ് ട്രംപ് നന്ദി പറയുകയും ചെയ്തു.
അതേസമയം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്.
തിങ്കളാഴ്ച കൃത്യം എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് അടിതെറ്റിയ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. പൊറുതിമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ ലോകരാഷ്ടങ്ങളുടെ സഹായം തേടിയെന്നും എന്നാല്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യ പാകിസ്ഥാനെ മുട്ടുകുത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെടുന്നത്. ആദ്യം തന്റെ ട്രൂത്ത് സോഷ്യല്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപ് അറിയിച്ചത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും അതിര്‍ത്തി മേഖലകള്‍ ശാന്തമാകുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിക്കുകയും ആശങ്ക പരിഹരിക്കുന്നതിനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൂടാതെ വെടിനിര്‍ത്തലില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പാകിസ്ഥാനും പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുറമെ ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഇന്ത്യ-പാക് വിഷയത്തില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ പരാമര്‍ശത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസ് വിദേശകാര്യ വകുപ്പ് മുന്നോട്ടുവരികയുമുണ്ടായി.
Content Highlight: Trump once again claims to have brokered a ceasefire between India and Pakistan