| Tuesday, 28th April 2026, 1:19 pm

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഇറാന്റെ നിര്‍ദേശത്തില്‍ ട്രംപിന് അതൃപ്തി: യു.എസ് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തനെന്ന് റിപ്പോര്‍ട്ട്.

യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചയില്‍ ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ലാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള നയതന്ത്ര നീക്കങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

തിങ്കളാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും വെടിനിര്‍ത്തലും സംബന്ധിച്ച ഇറാന്റെ പദ്ധതി സഹായികള്‍ പ്രസിഡന്റിന് വിശദീകരിച്ചു നല്‍കി. എന്നാല്‍, ഇറാന്റെ ആണവ പദ്ധതിയെ എന്തുചെയ്യണമെന്ന് ഈ നിര്‍ദേശത്തില്‍ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

എല്ലാ യുറേനിയം സമ്പുഷ്ടീകരണവും നിര്‍ത്തലാക്കണമെന്ന അമേരിക്കയുടെ ദീര്‍ഘകാല ആവശ്യത്തില്‍ ട്രംപ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര നിയമപ്രകാരം തങ്ങള്‍ക്ക് സമ്പുഷ്ടീകരണത്തിന് അവകാശമുണ്ടെന്നും, നിലവില്‍ കൈവശമുള്ള യുറേനിയം കൈമാറില്ലെന്നും ഇറാന്‍ ഉറച്ച നിലപാടെടുത്തു.

പാകിസ്ഥാന്‍ മധ്യസ്ഥര്‍ മുഖേന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൈമാറിയ നിര്‍ദേശത്തില്‍ ആദ്യം യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ സ്ഥിരമാക്കണമെന്നുമുള്ള ആവശ്യമാണ് മുന്നോട്ടുവെച്ചത്.

യു.എസ് നാവികസേന ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാരം പുനസ്ഥാപിക്കണമെന്നും യുദ്ധം അവസാനിക്കുകയും കടലിടുക്കിന്റെ നിയന്ത്രണം സാധാരണ നിലയിലാവുകയും ചെയ്തതിന് ശേഷം മാത്രമേ ആണവ തര്‍ക്കങ്ങള്‍ ചര്‍ച്ചയെങ്കിലുമാകുള്ളൂവെന്നും ഇറാന്‍ നിലപാടെടുത്തു.

എന്നാല്‍ ആണവ പ്രശ്‌നം തുടക്കം മുതല്‍ തന്നെ കൈകാര്യം ചെയ്യണമെന്ന് വാദിക്കുന്ന അമേരിക്കയ്ക്ക് ഈ നിര്‍ദേശം സ്വീകാര്യമല്ല. ഇറാന്റെ ഈ നിലപാടും ട്രംപിന്റെ അതൃപ്തിയും സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാന്‍ സന്ദര്‍ശിക്കുകയും മോസ്‌കോയിലെത്തി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ ലക്ഷ്യങ്ങള്‍ ഒന്നും നടക്കാത്തതിനാലാണ് അവര്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിക്കുന്നതെന്ന് അരാഗ്ചി റഷ്യയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ഹോര്‍മുസ് കടലിടുക്കിലെ തടസ്സം ആഗോള എണ്ണ വിപണിയെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് പ്രതിദിനം 140 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന കടലിടുക്കിലൂടെ ഇപ്പോള്‍ ഏകദേശം ഏഴ് കപ്പലുകള്‍ മാത്രമാണ് സഞ്ചരിക്കുന്നത്.
പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് ട്രംപിനും എണ്ണ കയറ്റുമതി നിലച്ചത് ഇറാനും മേല്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്.

Content Highlight: Trump not happy with latest Iran proposal to end the war, US official says

We use cookies to give you the best possible experience. Learn more