| Saturday, 15th August 2026, 9:06 am

ട്രംപ്-മോദി സൗഹൃദം ഇന്ത്യ യു.എസ് ബന്ധം ശക്തമാക്കി; സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി

കെ.എസ് ഷാബിന

വാഷിംഗ്ടൺ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം കൂടുതൽ വളരുകയാണെന്നും, നിലവിൽ എക്കാലത്തെക്കാളും ശക്തമാണെന്നും റൂബിയോ പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

‘സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അമേരിക്കയുടെ പേരിൽ ഊഷ്മളമായ ആശംസകൾ നേരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധത്തിന് നന്ദി. യു.എസ്-ഇന്ത്യ ബന്ധം കൂടുതൽ വളരുകയും എക്കാലത്തെക്കാളും ശക്തമാവുകയും ചെയ്തിരിക്കുന്നു,’ റൂബിയോ പറഞ്ഞു.

പ്രതിരോധം, ഊർജസുരക്ഷ, നിർണായക ധാതുക്കൾ, കൃത്രിമബുദ്ധി, ബഹിരാകാശ സഹകരണം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സഹകരണം ഇരുരാജ്യങ്ങളെയും വിശാലമായ ഇന്ത്യൻ മഹാസമുദ്ര മേഖലയെയും കൂടുതൽ സുരക്ഷിതവും ശക്തവും സമ്പന്നവുമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഈ കരുത്തുറ്റ ബന്ധത്തിന്റെ അടിത്തറയെന്നും ഭാവിയിലും ഒരുമിച്ച് കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും റൂബിയോ വ്യക്തമാക്കി.

അതേസമയം, ഇന്ത്യ ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ‘വന്ദേമാതരം’ ആലപിച്ചുകൊണ്ടാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്.

Content Highlight: Trump-Modi Friendship Strengthens U.S.-India Ties; U.S. Secretary of State Extends Independence Day Greetings

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more