| Saturday, 10th May 2025, 10:51 pm

ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചേക്കും; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എസ്-സൗദി അറേബ്യ ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തുമ്പോള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് ഒരു ഗള്‍ഫ് നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ട്രംപ് പ്രഖ്യാപിക്കുന്ന ഫലസ്തീന്‍ രാഷ്ട്രത്തില്‍ ഹമാസ് ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫലസ്തീന്‍ രാഷ്ട്രത്തെ അമേരിക്ക അംഗീകരിച്ചാല്‍ അത് പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭാവിയെപ്പോലും മാറ്റിമറിക്കാന്‍ സാധിക്കുന്നതാണെന്നും കൂടുതല്‍ രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ചേരുമെന്നും നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീനെക്കുറിച്ചായിരിക്കില്ലെന്ന് മുന്‍ ഗള്‍ഫ് നയതന്ത്രജ്ഞനായ അഹമ്മദ് അല്‍-ഇബ്രാഹിം ദി മീഡിയ ലൈനിനോട് പറഞ്ഞു. ഉച്ചകോടിയിലേക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെയും ജോര്‍ദാനിലെ അബ്ദുള്ള രാജാവ് രണ്ടാമനെയും ക്ഷണിച്ചിട്ടില്ല. ഫലസ്തീനോട് ഏറ്റവും അടുത്ത രണ്ട് രാജ്യങ്ങളാണ് ഇത് രണ്ടും. അതിനാല്‍ ഇത്തരമൊരു പ്രഖ്യാപനമാവുമ്പോള്‍ ഇവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൗദി അറേബ്യ ഒരു ഗള്‍ഫ്-യു.എസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേമിലെ സൗദി അറേബ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴികെ എല്ലാ ഗള്‍ഫ് നേതാക്കളും ഗള്‍ഫ്-യു.എസ് ഉച്ചകോടിയില്‍ പങ്കെടുക്കും.

ഉച്ചകോടിയില്‍ വെച്ച് സാമ്പത്തിക കരാറുകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യു.എസുമായി ഒപ്പുവെക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

2017 ലെ ഗള്‍ഫ്-യു.എസ് ഉച്ചകോടിയില്‍ 400 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാറുകള്‍ ഒപ്പിട്ടിരുന്നു. യു.എസില്‍ ഒരു ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള നിക്ഷേപങ്ങള്‍ യു.എ.ഇ പ്രഖ്യാപിച്ചതും 600 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള നിക്ഷേപങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചതും ഈ ഉച്ചകോടിയിലായിരുന്നു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുല്‍ മാക്രോണ്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ജൂണില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും മാക്രോണ്‍ അറിയിച്ചിരുന്നു.

ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്നും ഫലസ്തീനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഇസ്രഈലിനെക്കൂടി അംഗീകരിക്കാന്‍ അനുവദിക്കുന്ന ഒരു പ്രക്രിയയില്‍ പങ്കെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.

ജൂണില്‍ സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് മാക്രോണ്‍ പദ്ധതിയിട്ടിരിക്കുന്നത്.

Content Highlight: Trump may announce US recognition of Palestinian state: Report

We use cookies to give you the best possible experience. Learn more