ബ്രസീലിയ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയൊരു ഐക്യരാഷ്ട്രസഭ സൃഷ്ടിക്കാനും അതിന്റെ ഏക ഉടമയാകാനും ശ്രമിക്കുകയാണെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.
അന്താരാഷ്ട്ര സമൂഹം വളരെ നിർണായകമായ ഒരു രാഷ്ട്രീയ നിമിഷത്തെ അഭിമുഖീകരിക്കുകയാണെന്നും ബ്രസീലിയൻ പ്രസിഡന്റ് പറഞ്ഞു.
യു.എൻ ചാർട്ടർ അദ്ദേഹം കീറിമുറിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപ് ട്വിറ്ററിലൂടെ ലോകത്തെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ദിവസവും അദ്ദേഹം എന്തെങ്കിലുമൊക്കെ പറയുമെന്നും ലോകം എല്ലാ ദിവസവും അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണെന്നും ലുല ഡ സിൽവ പറഞ്ഞതായി ബ്രസീലിലെ ഫോൾഹ ഡി സാവോ പോളോ പത്രം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് സംരക്ഷിക്കണമെന്ന് ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനോട് ആവശ്യപ്പെട്ടുകൊണ്ട് ലുല ഫോൺ സംഭാഷണം നടത്തിയിരുന്നു അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ
അന്താരാഷ്ട്ര സമൂഹത്തിൽ അവശേഷിക്കുന്ന രാജ്യങ്ങളെ സംരക്ഷിക്കണമെന്നും ലോകമെമ്പാടും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് ഏകപക്ഷീയതയെ ചെറുക്കുന്നതിനായി റഷ്യ, ചൈന, ഇന്ത്യ, ഹംഗറി, മെക്സിക്കോയടക്കമുള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങൾക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏതൊരു രാജ്യത്തിന്റെയും ആയുധബലത്തെ തടയാനും അന്താരാഷ്ട്ര യോഗത്തിന്റെ സാധ്യതകൾ ഉറപ്പിക്കാനുമാണ് തന്റെ പദ്ധതിയെന്നും ലുല ഡ സിൽവ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഗസ സമാധാന ബോർഡിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഗസയിലെ വെടിനിർത്തലിന് മേൽനോട്ടം വഹിക്കുന്ന ലോകനേതാക്കളുടെ ചെറിയ സംഘമായാണ് ബോർഡിനെ ആദ്യം വിഭാവനം ചെയ്തത്. എന്നാൽ ഇന്നലെ നടത്തിയ പ്രഖ്യാപനത്തോടെ ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായ ഒരു കൂട്ടായ്മയെയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
സ്വിറ്റ്സർലൻഡിലെ ദവോസിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് പീസിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാർട്ടറിൽ ട്രംപ് ഒപ്പുവച്ചത്.
Content Highlight: Trump is trying to create a new United Nations and become its sole owner: Lula da Silva