ബെലെം: ബ്രസീലില്‍ നടന്ന യു.എന്‍ കാലാവസ്ഥ സമ്മേളനത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം.
കാലാവസ്ഥ നയങ്ങളില്‍ ട്രംപ് ഭരണകൂടം ഇരട്ടി മണ്ടത്തരമാണ് കാണിക്കുന്നതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ പറഞ്ഞു. പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും രണ്ട് തവണ യു.എസ് പിന്മാറിയതിനെ കുറിച്ചും ഫോസില്‍ ഇന്ധന അജണ്ടയ്ക്കുമെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ട്രംപ് കാലാവസ്ഥാ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നതിനെയും ന്യൂസം വിമര്‍ശിച്ചു. പാരീസ് കരാറില്‍ നിന്നും പിന്മാറിയത് ലജ്ജാകരമാണ്. ഡെമോക്രാറ്റിക് ഭരണകൂടം വന്നാല്‍ പാരീസ് കരാറില്‍ ഒരു മടിയും കൂടാതെ ചേരുമെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്രസീലില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ നിന്ന് ട്രംപ് വിട്ടുനിന്നതോടെയാണ് ഡെമോക്രാറ്റിക് ഗവര്‍ണറും 2028ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കണക്കാക്കപ്പെടുന്ന വ്യക്തിയുമായ ന്യൂസം ശ്രദ്ധാകേന്ദ്രമായി മാറിയത്.
ഇതൊരു ധാര്‍മികമായ പ്രതിബദ്ധതയാണ്. സാമ്പത്തിക അനിവാര്യതയാണെന്നും ഉച്ചകോടിയെ കുറിച്ച് ന്യൂസം വിശദീകരിച്ചു.
20ാം നൂറ്റാണ്ടിലേക്ക് പിന്തിരിഞ്ഞ് നടക്കാനാണ് ട്രംപിന്റെ ശ്രമങ്ങള്‍. ചിലപ്പോള്‍ നമ്മളെ 19ാം നൂറ്റാണ്ടിലേക്ക് പോലും എത്തിച്ചേക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
താന്‍ പ്രതിനിധീകരിക്കുന്നത് ഏറ്റവും ട്രംപ് വിരുദ്ധമായ സംസ്ഥാനത്തെയാണെന്ന് പറഞ്ഞായിരുന്നു ന്യൂസം കാലാവസ്ഥാ സമ്മേളനത്തിലെ പ്ലീനറി പ്രസംഗം ആരംഭിച്ചത്. കാലിഫോര്‍ണിയയുടെ കാലാവസ്ഥ നയങ്ങളിലുള്ള പാരമ്പര്യത്തെ ഉയര്‍ത്തിക്കാണിച്ചായിരുന്നു ന്യൂസമിന്റെ പ്രസംഗം.
തന്റെ മുന്‍ഗാമികള്‍ പിന്തുടര്‍ന്ന സ്വതന്ത്രമായ നയങ്ങള്‍ തന്നെയാണ് താനും സ്വീകരിക്കുന്നത്. തന്റെ രാജ്യത്തിന്റെ നയങ്ങളെ പോലെയല്ല താന്‍ ഭരിക്കുന്ന കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ നയങ്ങളെന്നും ന്യൂസം പറഞ്ഞു. മനുഷ്യര്‍ മൂലമുണ്ടാകുന്ന ആഗോള താപനത്തെ പരിഹസിച്ച ട്രംപിന്റെ പരാമര്‍ശങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തി.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബാഡന്‍-വൂട്ടംബെര്‍ഗുമായി ന്യൂസം കാലാവസ്ഥാ പാക്ട് പുതുക്കിയതിനെ കുറിച്ചും ന്യൂസം സംസാരിച്ചു.
ആമസോണിയന്‍ നഗരമായ ബെലെമില്‍ ചൊവ്വാഴ്ച നടന്ന വാര്‍ഷിക കാലാവസ്ഥ ചര്‍ച്ചകളില്‍ ലോകമെമ്പാടുനിന്നുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlight: Trump is temporary; showing double stupidity on climate policies: California governor in UN Climate Summit