| Saturday, 17th January 2026, 10:33 pm

ട്രംപ് ഒരു ക്രിമിനലാണ്; ഇറാനിലെ സംഘര്‍ഷത്തില്‍ യു.എസ് നേരിട്ട് ഇടപെട്ടതായി ഖാംനഇ

രാഗേന്ദു. പി.ആര്‍

ടെഹ്റാന്‍: ഇറാനിലെ സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഇറാന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.

ട്രംപിനെ ക്രിമിനലെന്ന് വിളിച്ചുകൊണ്ടാണ് ഖാംനഇയുടെ പ്രതികരണം. ഇറാനിലെ പ്രക്ഷോഭത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ട്രംപാണ് കാരണമെന്നും ഖാംനഇ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിഷേധക്കാരുടെ വധശിക്ഷ തടഞ്ഞതില്‍ ട്രംപ് നന്ദി അറിയിച്ചിരുന്നു. ഇറാന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇസ്രഈലോ ഗള്‍ഫ് രാജ്യങ്ങളോ അല്ല അമേരിക്കയെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും അതിനുപിന്നിലെ കാരണം ഇറാന്‍ തന്നെയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് ഖാംനഇയുടെ വിമര്‍ശനം. ഖാംനഇ രാജ്യദ്രോഹികളുടെ നട്ടെല്ല് തകര്‍ക്കണമെന്ന് പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കലാപകാരികള്‍ അമേരിക്കയുടെ കാലാള്‍പ്പടയാളികളാണ്. അവര്‍ ഈ രാജ്യത്തെ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചു. ഇതെല്ലാം അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. യു.എസിന്റെ ലക്ഷ്യം തന്നെ ഞങ്ങളെ വിഴുങ്ങുക എന്നതായിരുന്നു. ഇറാനെ സൈനികവും രാഷ്ട്രീയപരവും സാമ്പത്തികവുമായ ആധിപത്യത്തിന് കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം,’ ഖാംനഇ പറഞ്ഞു.

ഇറാനിലെ ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയത് ഇസ്രഈലിന്റെയും യു.എസിന്റെയും നടന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇറാനിലേക്കുള്ള യു.എസിന്റെ കടന്നുകയറ്റത്തെ റഷ്യ വിമര്‍ശിച്ചിരുന്നു. യു.എന്‍ യോഗം തന്നെ യു.എസിന്റെ കടന്നുകയറ്റത്തെ ന്യായീകരിക്കാന്‍ വിളിച്ചു ചേര്‍ത്തതാണെന്നായിരുന്നു റഷ്യയുടെ വിമര്‍ശനം.

യു.എന്നില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെ നിലപാടെടുത്തിരുന്നു. അതേസമയം ഇറാനില്‍ ഏകപക്ഷീയമായി തടങ്കലില്‍ വെച്ചിരിക്കുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്നാണ് ഫ്രാന്‍സ് ആവശ്യപ്പെട്ടത്.

അതേസമയം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ HRANAയുടെ കണക്കുകള്‍ പ്രകാരം ഇറാനില്‍ സൈനികര്‍ ഉള്‍പ്പെടെ 3,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: Trump is a criminal; Khamenei says US directly intervened in conflict in Iran

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more