| Monday, 28th April 2025, 7:26 pm

ബ്ലീച്ച് കൊണ്ട് കൊവിഡും എയ്ഡ്‌സും ചികിത്സിച്ച് മാറ്റാന്‍ പറ്റുമെന്ന് പറഞ്ഞ എഴുത്തുകാരന്‌ ട്രംപിന്റെ റിസോര്‍ട്ടില്‍ പ്രഭാഷണത്തിനായി ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ബ്ലീച്ചിങ് പൗഡര്‍ കൊണ്ട് കൊവിഡും ക്യാന്‍സറും എയ്ഡ്‌സും ചികിത്സിച്ച് മാറ്റാന്‍ പറ്റുമെന്ന പറഞ്ഞ എഴുത്തുകാരന്‍ ആന്‍ഡ്രിയാസ് കാക്കറിന്‌  ഡൊണാള്‍ഡ് ട്രംപിന്റെ റിസോര്‍ട്ടില്‍ പ്രഭാഷണത്തിനായി ക്ഷണം.

ഫ്ളോറിഡയിലെ ട്രംപിന്റെ റിസോര്‍ട്ടില്‍വെച്ച് നടക്കുന്ന ദ്വിദിന പരിപാടിയായ ട്രൂത്ത് സീക്കേര്‍സ് എന്ന ഇവന്റിലാണ് ആന്‍ഡ്രിയാസ് കാക്കര്‍ പങ്കെടുക്കുക. കാക്കറിന് പുറമെ ഇത്തരത്തില്‍ വിചിത്രമായ സിദ്ധാന്തങ്ങള്‍ ഉന്നയിക്കുന്ന നിരവധി ആളുകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തീവ്ര വലതുപക്ഷ കമന്റേറ്റര്‍ ചാര്‍ളി വാര്‍ഡാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ട്രംപിന്റെ രണ്ടാം ഭരണത്തില്‍ വാക്‌സിന്‍ വിരോധിയായ റോബര്‍ട്ട് .ജെ. കെന്നഡിയെ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അശാസ്ത്രീയമല്ലാത്ത ഇത്തരം ചികിത്സ രീതികള്‍ പ്രോത്സാഹിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്ന ജര്‍മന്‍ പൗരനായ ആന്‍ഡ്രിയാസ് കാക്കര്‍ ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ലായനിയുടെ ചുരുക്കപ്പേരായ സി.ഡി.എസ് എന്ന ഉത്പന്നമാണ് വിപണിയിലെത്തിക്കുന്നത്. ഇത് അണുനാശിനിയാണെന്ന് കാക്കര്‍ തന്നെ സമ്മതിച്ചിരുന്നു.

എന്നിട്ടും അതുകൊണ്ട് ഓട്ടിസം, കാന്‍സര്‍, മലേറിയ, എച്ച്.ഐ.വി/എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്ന രോഗകാരികളെ ഇല്ലാതാക്കുമെന്നാണ് കാക്കര്‍ അവകാശപ്പെടുന്നത്. കൂടാതെ കഴിഞ്ഞ 100 വര്‍ഷത്തെ ഏറ്റവും വലിയ മെഡിക്കല്‍ കണ്ടുപിടുത്തം എന്നും സി.ഡി.എസിനെ കാക്കര്‍ വിശേപ്പിക്കുന്നുണ്ട്. ട്രംപിന്റെ റിസോര്‍ട്ടില്‍വെച്ച് തന്റെ അത്ഭുത മരുന്ന് പ്രചരിപ്പിക്കുന്നതിനൊപ്പം ഈ ഉത്പന്നത്തെക്കുറിച്ചുള്ള പുസ്തകങ്ങളും വെണ്ടര്‍ സ്റ്റാളില്‍ കാക്കര്‍ വില്‍ക്കും.

കൊവിഡിന്റെ സമയത്ത് ഇതുപയോഗിച്ചുകൊണ്ട് രോഗമുക്തി നേടാം എന്ന് കാക്കര്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ബ്ലീച്ച് കുടിക്കുന്നതിന് തുല്യമാണെന്ന്‌ പറഞ്ഞ് യു.എസിലെയും സ്പെയിനിലെയും ആരോഗ്യ വിദഗ്ദര്‍ ഇതിനെ വിലക്കിയിരുന്നു. നിര്‍ജലീകരണം, വയറിളക്കം, വൃക്ക രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ഗുരുതരവും ജീവന് ഭീഷണിയുമായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ സി.ഡി.എസ് ജീവന് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ എഫ്.ഡി.എ വെബ്സൈറ്റ് പേജ് യു.എസ് നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും, ക്ലോറിന്‍ ഡൈ ഓക്‌സൈഡിന്റെ അപകടങ്ങളെക്കുറിച്ചുള്ള എഫ്.ഡി.എ പ്രഖ്യാപനം പരസ്യപ്പെടുത്തുന്ന 2019 ലെ ഒരു പത്രക്കുറിപ്പ് ഇപ്പോഴും എഫ്.ഡി.എ വെബ്സൈറ്റില്‍ കാണാം.

2021ല്‍ അര്‍ജന്റീനയില്‍ മാതാപിതാക്കള്‍ ക്ലോറിന്‍ ഡൈ ഓക്‌സൈഡ് നല്‍കിയ അഞ്ച് വയസുള്ള ഒരു ആണ്‍കുട്ടി മരിച്ചതോടെ അര്‍ജന്റീനിയന്‍ അധികാരികള്‍ കാക്കറിനെതിരെ അന്വേഷണം നടത്തുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

Content Highlight: Trump invites author who said bleach can cure COVID and AIDS to speak at his resort

We use cookies to give you the best possible experience. Learn more