വാഷിങ്ടണ്‍: ചൈനയുമായി വീണ്ടും യു.എസിന്റെ വ്യാപാരയുദ്ധം. ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സോഫ്റ്റ്‌വെയറുകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
ഏഷ്യാ പസിഫിക് എക്കണോമിക് കോഓപ്പറേഷന്‍ (എപെക്) ഉച്ചകോടിയില്‍ വെച്ച് ഷി ജിന്‍പിങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ചൈനയുടെ അസാധാരണമായ നീക്കങ്ങള്‍ക്ക് മറുപടിയായി നവംബര്‍ ഒന്നുമുതല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ അധിക നികുതിയും കയറ്റുമതി നിയന്ത്രണങ്ങളും നിലവില്‍ വരുമെന്ന് ട്രംപ് വെള്ളിയാഴ്ച അറിയിച്ചു.
അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെ ചൊല്ലിയാണ് ഇത്തവണത്തെ ചൈനീസ്-യു.എസ് വ്യാപാരത്തര്‍ക്കം. അതേസമയം, ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് പുറമെ യു.എസ് ടെക് സ്ഥാപനമായ ക്വാല്‍കോമിനെതിരെ അന്വേഷണവും ആരംഭിച്ചു.
യു.എസുമായി ബന്ധമുള്ള എല്ലാ കപ്പലുകളില്‍ നിന്നും പുതുക്കിയ തുറമുഖ ഫീസ് ഈടാക്കുമെന്നും ചൈന അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ട്രംപ് 100 ശതമാനം തീരുവ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ലോകത്തെ കാല്‍ക്കീഴിലാക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് ചൈന ലോകരാജ്യങ്ങള്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ഇത് ശത്രുതാപരമായ നിലപാടാണെന്നും ട്രംപ് പ്രതികരിച്ചു. കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനഘടകങ്ങളായ ധാതുക്കളുടെ ഉത്പാദനത്തില്‍ ലോകത്ത് തന്നെ ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ് ചൈന.
ഈ വര്‍ഷമാദ്യവും ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ചൈന യു.എസിലേക്കുള്ള കെമിക്കല്‍ ധാതുക്കളുടെ കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. ഇതോടെ ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിച്ചിരുന്ന യു.എസിലെ കമ്പനികള്‍ പ്രതിസന്ധിയിലാവുകയും ട്രംപിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡിന് കാറുത്പാദനം താത്കാലികമായി നിര്‍ത്തിവെക്കേണ്ടിയും വന്നിരുന്നു.
പിന്നീട് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന ഉയര്‍ന്ന തീരുവ യു.എസ് മേയ് മാസത്തോടെ വെട്ടിക്കുറച്ച് 30 ശതമാനമാക്കിയിരുന്നു. ഇതാണ് 100 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, യു.എസ് ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 10 ശതമാനമാണ് ചൈനയിലെ തീരുവ.
അതേസമയം, ചൈനക്കെതിരെ യു.എസ് വീണ്ടും രംഗത്തെത്തിയതോടെ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എസ് ആന്റ് പി 500 2.7 ശതമാനവു നസ്ഡാക് 3.6 ശതമാനവും ഇടിഞ്ഞു.
Content Highlight: Trump imposes 100% additional tariffs on China; threatens not to talk to Xi Jinping