വാഷിങ്ടണ്‍: സൗദി അറേബ്യയിലെ പുതിയ അമേരിക്കന്‍ അംബാസഡറായി ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനപ്രതിനിധിയും ഇസ്‌ലാം വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനുമായ വെസ്‌ലി ഹന്റിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു.
പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രഈല്‍ സംയുക്ത സൈനിക നീക്കങ്ങളുടെയും യുദ്ധ അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിലാണ് ഗള്‍ഫ് മേഖലയിലെ പ്രധാന അമേരിക്കന്‍ പങ്കാളിയായ സൗദി അറേബ്യയിലേക്ക് ട്രംപിന്റെ ഈ നിര്‍ണായക നിയമനം.
മുന്‍ യു.എസ് സൈനിക ഉദ്യോഗസ്ഥനായ വെസ്‌ലി ഹന്റിന് സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ച ദീര്‍ഘകാല പരിചയസമ്പത്തുണ്ട്. 2006ല്‍ ഇറാഖില്‍ അപ്പാഷെ ഹെലികോപ്റ്റര്‍ പൈലറ്റായി 55 പോരാട്ട ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ശേഷം നയതന്ത്ര ലെയസണ്‍ ഓഫീസറായി രണ്ട് വര്‍ഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തു.
എന്നാല്‍ ഈ കാലയളവിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് നടത്തിയ ഇസ്‌ലാം വിരുദ്ധ പ്രസ്താവനകളാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ശരീഅത്ത് നിയമത്തിന് കീഴിലാണ് സൗദിയില്‍ താന്‍ ജീവിച്ചതെന്നും അവിടെ കണ്ട കാര്യങ്ങള്‍ ടെലിവിഷന്‍ വാര്‍ത്തകളില്‍ കാണുന്നതിലും ഭീകരമാണെന്നും ഹന്റ് പരസ്യമായി പറഞ്ഞിരുന്നു.
മറ്റ് രാജ്യങ്ങളിലേക്ക് കടന്നുകയറി ജനസംഖ്യ വര്‍ധിപ്പിച്ച് ആധിപത്യം സ്ഥാപിക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും കുടിയേറ്റക്കാര്‍ ഇത്തരം വ്യവസ്ഥകള്‍ യു.എസിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തെ നശിപ്പിക്കുമെന്നും ആരോപിച്ചിരുന്നു.
ഒപ്പം തീവ്ര ഇസ്രഈല്‍ അനുകൂലി കൂടിയാണ് വെസ്‌ലി ഹന്റ്. പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്ന ‘ഏക യഥാര്‍ത്ഥ സഖ്യകക്ഷി’ ഇസ്രഈല്‍ മാത്രമാണെന്ന് ഐപാക് സമ്മേളനത്തില്‍ സംസാരിക്കവെ ഹന്റ് പറഞ്ഞിരുന്നു.
ഗള്‍ഫ് രാജ്യങ്ങളുമായുള്ള അബ്രഹാം അക്കോര്‍ഡ്‌സ് നയതന്ത്ര കരാറുകളെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, ഇസ്രഈല്‍ ഒഴികെയുള്ള അറബ് രാജ്യങ്ങളെ പൂര്‍ണമായി വിശ്വസിക്കരുതെന്നും അമേരിക്ക ജാഗ്രത പാലിക്കണമെന്ന ‘മുന്നറിയിപ്പും’ ഇയാള്‍ നല്‍കിയിരുന്നു.
അമേരിക്കന്‍-ഇസ്രഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി അടക്കമുള്ള ഇസ്രഈല്‍ അനുകൂല ലോബി ഗ്രൂപ്പുകളില്‍ നിന്ന് വലിയ തോതില്‍ സാമ്പത്തിക പിന്തുണ ലഭിക്കുന്ന നേതാവ് കൂടിയാണ് ഹന്റ്.
ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രഖ്യാപനത്തോട് സൗദി അറേബ്യന്‍ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് സെനറ്റിന്റെ സ്ഥിരീകരണ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ വെസ്‌ലി ഹന്റിന് അംബാസഡറായി ഔദ്യോഗികമായി ചുമതലയേല്‍ക്കാന്‍ സാധിക്കൂ.
Content Highlight: Trump has selected Wesley Hunt, an anti-Islamic and pro-Israel Republican, as the next ambassador to Saudi Arabia.