വാഷിങ്ടൺ: ഇന്ത്യയ്ക്കുമേൽ അധികതീരുവ ചുമത്താൻ അമേരിക്ക കാരണങ്ങൾ തേടുകയാണെന്ന് മുതിർന്ന യു.എസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ.
‘റഷ്യയിൽനിന്നും എണ്ണ ഇറക്കുമതിചെയ്യുന്നു എന്നാരോപിച്ചാണ് അമേരിക്ക ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയത്. എന്നാൽ ഹംഗറി അവർക്കാവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതിചെയ്യുന്നത് റഷ്യയിൽനിന്നാണ് അതും തീരുവയില്ലാതെ’ ബ്രാഡ് ഷെർമാൻ എക്‌സിൽ പ്രതികരിച്ചു.
‘ചൈനയാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ, എന്നിട്ടും ഒരു ഉപരോധവും അവരെ ബാധിച്ചിട്ടില്ല. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 21 ശതമാനം മാത്രമാണ് റഷ്യയിൽ നിന്നുമുള്ളത് എന്നിട്ടും ട്രംപ് നമ്മുടെ സഖ്യകക്ഷിയെ അകറ്റിനിർത്തുകയാണ്, അദ്ദേഹം ഈ നയം ഉടൻ പിൻവലിക്കണം’ അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ചയായിരുന്നു ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ നിലവിൽവന്ന
ത്. കരാറിന്റെ ഭാഗമായി 25 ശതമാനമുണ്ടായിരുന്ന ഇറക്കുമതി ചുങ്കം 18 ശതമാനമായി കുറക്കുകയും ചെയ്‌തെന്നാണ് ഇരു രാജ്യങ്ങളുടെയും വാദം.
എന്നാൽ അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ മാർക്കറ്റ് തുറന്നുകൊടുത്തതും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കിയതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
മോദി ഇന്ത്യൻ കർഷകരെ ഒറ്റുകൊടുക്കുകയാണെന്നും ഇന്ത്യയിലെ തുണി വ്യവസായത്തെ നശിപ്പിക്കുകയാണെന്നും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ വ്യവസായ കരാറിനെ വിമർശിച്ചുകൊണ്ട് പാർലമെന്റിൽ പ്രതികരിച്ചിരുന്നു.
അതേസമയം ബംഗ്ലാദേശിൽനിന്നുമുള്ള തുണിത്തരങ്ങൾക്ക് അമേരിക്ക ഇറക്കുമതി തീരുവ ഒഴിവാക്കിയതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Content Highlight: Trump grasping for excuses to slap ‘outrageous’ tariffs on India: US Congressman