| Tuesday, 1st July 2025, 7:05 am

സിറിയയുമായുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: സിറിയക്ക് മേൽ ചുമത്തിയ  ഉപരോധങ്ങളിൽ ചിലത് പിൻവലിക്കാൻ  ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയുടെ മുൻ പ്രസിഡന്റ് ബാഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം രാജ്യത്ത് സ്ഥിരത കൈവരിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.

സിറിയയുടെ വികസനത്തിനും, സർക്കാരിന്റെ പ്രവർത്തനത്തിനും, രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ പുനർനിർമ്മാണത്തിനും നിർണായകമായ സ്ഥാപനങ്ങൾക്ക് ഉപരോധത്തിൽ ഇളവ് നൽകുന്നതാണ് ട്രംപിന്റെ ഉത്തരവ് എന്ന് യു.എസ് ട്രഷറി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

‘സിറിയക്കെതിരായ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഉപരോധ പരിപാടി അവസാനിപ്പിക്കുന്നതിനാണ് ഈ ഉത്തരവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്,’ വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഇതോടെ ഡമാസ്കസിന്റെ രാസായുധ പദ്ധതിയുടെ പേരിൽ സിറിയൻ സർക്കാർ സ്വത്തുക്കൾ മരവിപ്പിക്കുകയും സിറിയയിലേക്കുള്ള കയറ്റുമതി പരിമിതപ്പെടുത്തുകയും ചെയ്ത അമേരിക്കയുടെ 2004 ലെ ഉത്തരവ് റദ്ദാക്കി.

അതേസമയം പുനർനിർമാണത്തിനും ഗ്യാസ് പദ്ധതികൾക്ക് പണം നൽകുന്നത് തടയുന്നതുമായ 2019 ലെ സീസർ സിറിയ സിവിലിയൻ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കോൺഗ്രസ് നിർദേശിച്ച ഉപരോധങ്ങളും, സിറിയയെ തീവ്രവാദത്തിന്റെ രാഷ്ട്ര സ്പോൺസറായി യു.എസ് പ്രഖ്യാപിച്ചതും ഉൾപ്പെടെയുള്ള ചില ഉപരോധങ്ങൾ തുടരുകയും ചെയ്യും.

‘സിറിയക്കെതിരായ ഉപരോധങ്ങൾ നീക്കാൻ ഉത്തരവ് സഹായിക്കും. എന്നാൽ മുൻ പ്രസിഡന്റ് അസദിനും, അദ്ദേഹത്തിന്റെ സഖ്യകക്ഷികൾക്കും, മനുഷ്യാവകാശ ലംഘകർക്കും, മയക്കുമരുന്ന് കടത്തുകാർക്കും, രാസായുധങ്ങളിൽ ഉൾപ്പെട്ട ആളുകൾക്കും, ഐ.എസിനും അതിന്റെ പിന്തുണക്കാർക്കും, ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കും എതിരായ ഉപരോധങ്ങൾ നിലനിൽക്കും,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

മെയ് മാസത്തിൽ മിഡിൽ ഈസ്റ്റ് സന്ദർശന വേളയിൽ ട്രംപ് സിറിയക്ക് മേലുള്ള ഉപരോധങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്തിരുന്നു.

ട്രംപിന്റെ ഉത്തരവിൽ, സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയെ ആഗോള ഭീകരൻ ആയി പ്രഖ്യാപിക്കുക്കുന്ന അമേരിക്കൻ ഉത്തരവ് പുനപരിശോധിക്കാൻ യു.എസ് പ്രസിഡന്റ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ഉത്തരവിട്ടിട്ടുണ്ട്.

മാത്രമല്ല, അൽ-ഷറയുടെ ഗ്രൂപ്പായ അൽ-നുസ്ര ഫ്രണ്ടിനെ തീവ്രവാദ സംഘടനയായ പ്രഖ്യാപിച്ച (ഇപ്പോൾ ഹയാത്ത് തഹ്‌രീർ അൽ-ഷാം) ഉത്തരവും പുനപരിശോധിക്കാൻ യു.എസ് പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ട്. സിറിയയിലെ അൽ-ഖ്വയ്ദയുടെ ശാഖയായിരുന്നു അൽ-നുസ്ര. എന്നാൽ 2016ൽ അൽ-ഷറ ഗ്രൂപ്പുമായുള്ള ബന്ധം വിച്ഛേദിച്ചു.

പിന്നീട് അൽ-നുസ്ര ജബത്ത് ഫത്ത് അൽ-ഷാം എന്നറിയപ്പെട്ടു, പിന്നീട് മറ്റ് വിമത ഗ്രൂപ്പുകളുമായി എച്ച്.ടി.എസ് ആയി ലയിച്ചു.

ഡിസംബറിൽ അസദിനെ അട്ടിമറിച്ച അഹമ്മദ് അൽ-ഷറയുമായി ഡൊണാൾഡ് ട്രംപ് ഹ്രസ്വമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ നീക്കം ഉണ്ടായത്. സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ-ഷൈബാനി എക്‌സിലെ ഒരു പോസ്റ്റിൽ ഈ നീക്കത്തെ സ്വാഗതം ചെയ്തു.

Content Highlight: Trump formally orders lifting of Syria sanctions

We use cookies to give you the best possible experience. Learn more