| Friday, 2nd May 2025, 9:02 am

ഹൂത്തികള്‍ക്കെതിരായ ആക്രമണത്തിന്റെ ചാറ്റ് ലീക്കായ സംഭവത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്; പകരം പുതിയ ചുമതല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യെമനിലെ ഹൂത്തികള്‍ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത ചാറ്റ് ലീക്കായ സംഭവത്തില്‍ യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ പദവിയില്‍ നിന്ന് നീക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയ സുരക്ഷ ഉപദേഷ്ടാവായ മൈക്ക് വാള്‍ട്‌സിനെയാണ് ട്രംപ് പുറത്താക്കിയത്. പകരം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായ മാര്‍ക്കോ റൂബിയോ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ താത്കാലിക ചുമതല നിര്‍വഹിക്കും.

അതേസമം മൈക്കല്‍ വാള്‍ട്‌സിനെ ദേശീയ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അദ്ദേഹത്തെ യു.എന്നിലെ അമേരിക്കയുടെ അംബാസിഡര്‍ സ്ഥാനത്തേക്ക് ട്രംപ് നിയമിച്ചിട്ടുണ്ട്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ വാള്‍ട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ ട്രംപ് യുദ്ധഭൂമിയില്‍ യൂണിഫോമിലും കോണ്‍ഗ്രസിലും തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും മൈക്ക് വാള്‍ട്ട്‌സ് രാഷ്ട്രത്തിന്റെ താത്പര്യങ്ങള്‍ക്കായി കഠിനമായി പരിശ്രമിച്ചതായി പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതോടെ ട്രംപിന്റെ രണ്ടാം ഭരണത്തില്‍ വൈറ്റ് ഹൗസ് വിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായി വാട്‌സ് മാറി.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റിന് നന്ദി അറിയിച്ചുകൊണ്ട് മൈക്കല്‍ വാള്‍ട്‌സും സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

പ്രസിഡന്റ് ട്രംപിനും രാഷ്ട്രത്തിനും വേണ്ടിയുള്ള തന്റെ സേവനം തുടരുന്നതില്‍ അതിയായ അഭിമാനമുണ്ടെന്നായിരുന്നു വാള്‍ട്‌സിന്റെ പ്രതികരണം. അതേസമയം യു.എസ് സ്റ്റേറ്റ് സ്‌ക്രട്ടറിയായ മാര്‍ക്കോ റൂബിയോയെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് നിയമിച്ച ട്രംപിന്റെ പ്രഖ്യാപനം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരെ വിസ്മയിപ്പിച്ചതായി ബി.ബി. സി റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം അമ്പത് വര്‍ഷം മുമ്പ്
ഹെന്റി കിസിഞ്ചറിനുശേഷം സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് റൂബിയോ.

മൈക്കല്‍ വാള്‍ട്‌സ് സ്ഥാനമൊഴിയുന്നതോടെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും നിലവില്‍ മിഡില്‍ ഈസ്റ്റിലെ യു.എസിന്റെ പ്രത്യേക പ്രതിനിധിയുമായ സ്റ്റീവ് വിറ്റ്‌കോഫിനെ പകരക്കാരനാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനായ റിക്ക് ഗ്രെനെലിന്റെ പേരും പരിഗണനയിലുണ്ട്.

യെമനിലെ ഹൂത്തികള്‍ക്കതിരായ യു.എസ് യുദ്ധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ മൈക്കല്‍ വാള്‍ട്‌സ് ക്ഷമാപണം നടത്തിയിരുന്നു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ വാള്‍ട്ട്സ് എന്നാല്‍ എങ്ങനെയാണ് ഇപ്രകാരം ഒരു തെറ്റ് പറ്റിയതെന്ന് അറിയില്ലെന്നും മുമ്പ് പറഞ്ഞിരുന്നു.

യെമനിലെ യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മറ്റ് ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ എന്നിവരാണുണ്ടായിരുന്നത്. മെസേജിങ് ആപ്പായ സിഗ്നലിലാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പിലേക്കാണ് മാധ്യമപ്രവര്‍ത്തകനായ അറ്റ്ലാന്റിക് എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ ഉള്‍പ്പെടുത്തിയത്.

ഇതിന് പിന്നാലെ രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കി എന്ന തരത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത മൈക്ക് വാള്‍ട്‌സ് മറ്റൊരു സ്റ്റാഫിനും ഈ വീഴ്ച്ചയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹൂത്തികള്‍ക്കെതിരായ ആക്രമണം ആരംഭിക്കുന്നതിന് കുറച്ച് മുമ്പാണ് ആയുധങ്ങളെയും ആക്രമണത്തിന്റെ ഘട്ടങ്ങളെയും ലക്ഷ്യസ്ഥാനങ്ങളെയും കുറിച്ചുള്ള സുപ്രധാനവിവരങ്ങള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതെന്നാണ് ഗോള്‍ഡ്‌ബെര്‍ഗ് പറഞ്ഞത്. ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത എല്ലാ വിവരങ്ങളും ഗോള്‍ഡ്‌ബെര്‍ഗ് പിന്നീട് പുറത്ത് വിട്ടിരുന്നു.

Content Highlight: Trump fires national security adviser over leaked chat about attack on Houthis; place him in another position

We use cookies to give you the best possible experience. Learn more