| Tuesday, 16th December 2025, 12:27 pm

10 ബില്ല്യണ്‍ വേണം ; ബി.ബി.സിക്കെതിരെ മാനനഷ്ട കേസ് കൊടുത്ത് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ബി.ബി.സിക്കെതിരെ 10 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ്. മാനനഷ്ടം, അന്യായമായ വ്യാപാരം തുടങ്ങിയവ ആരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.ക്യാപിറ്റോള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ തന്റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്.

33 പേജുള്ള പരാതിയില്‍ അപകീര്‍ത്തിപരവും പ്രകോപനപരവുമായ തെറ്റായ വീഡീയോ സംപ്രേഷണം ചെയ്തതായാണ് ആരോപണം. താന്‍ പറഞ്ഞകാര്യങ്ങള്‍ മനപൂര്‍വ്വം മാറ്റികൊടുത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. 2021 ജനുവരി 6 ലെ തന്റെ പ്രസംഗത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് തനിക്കെതിരെ സംപ്രേഷണം ചെയ്തുവെന്നും കേസില്‍ ട്രംപ് ആരോപിച്ചു.

2024 ലെ പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനിക്കാനുമുള്ള ബി.ബി.സിയുടെ ധിക്കാരപരമായ ശ്രമമാണിതെന്നും ട്രംപ് കുറ്റപ്പെടുത്തി.

2024ലെ പ്രസിഡന്റെ് തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ‘ട്രംപ് എ സെക്കന്‍ ചാന്‍സ്,’ [ Trump a second chance] എന്ന പേരില്‍ ബി.ബി..സി ഒരു ഡോക്ക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു.

ഇതിലാണ് 2021 ലെ ക്യാപിറ്റോള്‍ കലാപത്തിന് മുന്നോടിയുളള ട്രംപിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്. ഇത് ക്യാപിറ്റോള്‍ കലാപത്തിന് ട്രംപ് ആഹ്വാനം ചെയ്തുവെന്ന രീയിയിലേക്ക് മാറിപോവുകയായിരുന്നു.

ട്രംപ് അനുയായികളോട് ‘ക്യാപിറ്റോളിലേയ്ക്ക് നടക്കുക എന്നിട്ട് നരക തുല്യമായി യുദ്ധം ചെയ്യുക’ എന്ന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് എഡിറ്റ് ചെയ്ത ഭാഗം വന്നത്. എന്നാല്‍ ഇത് അമേരിക്കയിലെ അഴിമതിക്കെതിരെ ‘വി ആര്‍ ഗോയിങ് ടു ഫൈറ്റ് ലൈക്ക് ഹെല്‍’ എന്ന് ട്രംപ് പറഞ്ഞ ഭാഗമായിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ജനുവരി 6 ലെ പ്രസംഗത്തിന്റെ എഡിറ്റിങില്‍ പിഴവ് സമ്മതിച്ച് നവംബറില്‍ ബി.ബി.സി ചെയര്‍മാന്‍ സമീര്‍ ഷാ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന്് ഭീഷണിപ്പെടുത്തിയതോടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ട്രംപിന്റെ അവകാശവാദം ബി.ബി.സി നിരസിക്കുകയായിരുന്നു.

ഈ വിവാദത്തെ തുടര്‍ന്ന് ബി.ബി.സി ഡയറക്റ്റര്‍ ജനറല്‍ ടിം ഡേവിയും ന്യൂസ് ചീഫ് എക്‌സിക്ക്യൂട്ടീവ് ഡെബോറ ടേര്‍ണസും രാജിവെച്ചിരുന്നു.

2021 ജനുവരി അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രംപ് അനുയായികള്‍ മുദ്രാവാക്യം വിളിച്ചെത്തി കലാപം നടത്തിയിരുന്നു. ജോ ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരത്തിലുള്ള കലാപം അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.

Content Highlight:Trump files defamation lawsuit against BBC, demands $10 billion

We use cookies to give you the best possible experience. Learn more