| Friday, 24th April 2026, 9:11 am

ഇസ്രഈല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; പ്രഖ്യാപനവുമായി ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ലെബനനില്‍ നിലവിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വൈറ്റ് ഹൗസില്‍ ചേര്‍ന്ന അമേരിക്കയിലെ ഇസ്രഈല്‍ ലെബനാന്‍ അംബാസഡര്‍മാരുടെ യോഗത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം

നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ഏപ്രില്‍ 26ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇസ്രായേലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി, ലെബനനിലെ അംബാസഡര്‍ മൈക്കല്‍ ഇസ, ഉയര്‍ന്ന റാങ്കിലുള്ള ഇസ്രഈലി, ലെബനന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായി ട്രംപ് അറിയിച്ചു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനീസ് പ്രധാനമന്ത്രി ജോസഫ് ഔനും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യു.എസ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

‘കൂടിക്കാഴ്ച വളരെ നന്നായി നടന്നു. ഹിസ്ബുല്ലയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ലെബനനുമായി അമേരിക്ക പ്രവര്‍ത്തിക്കും. ഇസ്രഈലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച കൂടി നീട്ടും,’ ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ലെബനനില്‍ പൂര്‍ണ വെടിനിര്‍ത്തല്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രഈല്‍ പ്രതിനിധി ഡാനി ഡാനല്‍ പറഞ്ഞു.

100 ശതമാനം വെടിനിര്‍ത്തലില്ല. ഹിസ്ബുല്ല റോക്കറ്റുകള്‍ തൊടുത്താല്‍ തിരിച്ചടിക്കും. സാഹചര്യം വെടിനിര്‍ത്തലിന് മുമ്പുള്ളതിനെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിനു മുമ്പ്, ലെബനനില്‍ ഏകദേശം 2,300 പേരും ഇസ്രഈലില്‍ 13 പേരും കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടായിട്ടും, ഇന്നലെ തെക്കന്‍ ലബനാനില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു പത്രപ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അല്‍-അഖ്ബാര്‍ പത്രത്തിന്റെ ലേഖികയായിരുന്ന അമല്‍ ഖലീലാണ് (43) കൊല്ലപ്പെട്ടതെന്ന് ലെബനന്‍ സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് ഗുരുതര പരിക്കേറ്റു.

Content Highlight: Trump extends Israel-Lebanon ceasefire for another three weeks

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more