വാഷിങ്ടൺ: തന്നെ അറസ്റ്റ് ചെയ്ത് പൗരത്വം റദ്ദാക്കി തടങ്കലിൽ പാർപ്പിക്കുമെന്നും നാടുകടത്തുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്‌റാൻ മംദാനി.
ട്രംപിന്റെ പരാമർശങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, പ്രതികരണ ശേഷിയുള്ള ഏതൊരു ന്യൂയോർക്കുകാരനെതിരെയുമുള്ള ആക്രമണമാണെന്ന് അദ്ദേഹം വിമർശിച്ചു.
തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. രാഷ്ട്രീയ എതിർപ്പിനെ നിശബ്ദമാക്കാൻ പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് മംദാനി വിമർശിച്ചു.
‘അമേരിക്കൻ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും, എന്റെ പൗരത്വം എടുത്തുകളയുമെന്നും, എന്നെ തടങ്കൽപ്പാളയത്തിൽ അടയ്ക്കുമെന്നും, നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. എന്റെ നേരെ ഭീഷണി ഉയർന്നത് ഞാൻ ഒരു നിയമവും ലംഘിച്ചതുകൊണ്ടല്ല. മറിച്ച് ഐ.സി.ഇ.യെ നമ്മുടെ നഗരത്തെ ഭീകരമാക്കാൻ ഞാൻ അനുവദിക്കില്ല എന്നതുകൊണ്ടാണ്. ട്രംപിന്റെ പരാമർശങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, പ്രതികരണ ശേഷിയുള്ള ഏതൊരു ന്യൂയോർക്കുകാരനെതിരെയുമുള്ള ആക്രമണമാണ്,’ മംദാനി പറഞ്ഞു.
സ്വേച്ഛാധിപത്യ ഭീഷണികൾ ഉയർത്തുമ്പോൾ ട്രംപ് ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായ എറിക് ആഡംസിനെ പിന്തുണക്കുന്നതിൽ അതിശയമില്ല. നിലവിലെ മേയർ സ്ഥാനത്ത് നിന്നും ആഡംസിനെ പുറത്തക്കേണ്ടതിന്റെ ആവശ്യകതയും ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സ്വേച്ഛാധിപത്യ ഭീഷണികൾ ഉയർത്തുമ്പോൾ ട്രംപ് ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായ എറിക് ആഡംസിനെ പിന്തുണക്കുന്നതിൽ അതിശയമില്ല. നിലവിലെ മേയർ സ്ഥാനത്ത് നിന്നും ആഡംസിനെ പുറത്തക്കേണ്ടതിന്റെ ആവശ്യകതയും ഇത് വ്യക്തമാക്കുന്നു. റിപ്പബ്ലിക്കൻമാർ സാമൂഹിക സുരക്ഷയെ കീറിമുറിക്കാനും, ദശലക്ഷക്കണക്കിന് ന്യൂയോർക്കുകാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണം എടുത്തുകളയാനും, തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി ശതകോടീശ്വരന്മാർക്ക് കൈയൊഴിഞ്ഞ് സഹായം നൽകാനും ശ്രമിക്കുകയാണ്. ട്രംപിനെപ്പോലെ തന്നെ വിഭജനം, വെറുപ്പ് എന്നീ സന്ദേശങ്ങൾ തന്നെയാണ് എറിക് ആഡംസും ആവർത്തിക്കുന്നത്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്,’ സൊഹ്‌റാൻ മംദാനി പറഞ്ഞു.
കഴിഞ്ഞ ദിവസം സൗത്ത് ഫ്ലോറിഡയിൽ നടന്ന പത്രസമ്മേളനത്തിൽ, ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനിയായ സൊഹ്‌റാൻ മംദാനിയുടെ പൗരത്വത്തെ ഡൊണാൾഡ് ട്രംപ് ചോദ്യം ചെയ്തിരുന്നു. കൂടാതെ മംദാനി രാജ്യത്ത് അനധികൃതമായി കുടിയേറിയതാകാമെന്ന വാദവും നടത്തിയിരുന്നു.
‘ഒരുപാട് ആളുകൾ പറയുന്നത് അയാൾ ഇവിടെ നിയമവിരുദ്ധമായി വന്ന വ്യക്തിയാണെന്നാണ്. ഞങ്ങൾ എല്ലാം പരിശോധിക്കും. അയാൾ കമ്മ്യൂണിസ്റ്റല്ലെന്നാണ് പറയപ്പെടുന്നത്. പക്ഷെ അവന്റെ ആദർശങ്ങൾ ഒരു കമ്മ്യൂണിസ്റ്റിന്റേതാണ്,’ ട്രംപ് പറഞ്ഞു. ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന പ്രചാരണ വാഗ്ദാനങ്ങൾ തുടർന്നാൽ സൊഹ്‌റാൻ മംദാനിയെ അറസ്റ്റ് ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം വിദേശത്ത് ജനിച്ച പൗരൻമാരുടെ പൗരത്വം റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ ഭാഗമായി മംദാനിയുടേയും പൗരത്വം റദ്ദാക്കാനുള്ള നീക്കം യു.എസ് ഭരണകൂടം നടത്തുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാനുള്ള നീക്കങ്ങൾക്ക് വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന
ന്യൂയോർക്ക് തെരഞ്ഞെടുപ്പിന്റെ പ്രൈമറി മത്സരത്തിൽ മംദാനി 56 ശതമാനം വോട്ടുകൾ നേടി വിജയിച്ചിരുന്നു. എതിർ സ്ഥാനാർഥി മുൻ ഗവർണർ ആൻഡ്രൂ എം. ക്യൂമോ 44 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇനി നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മംദാനി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച നിലവിലെ മേയർ എറിക് ആഡംസ്, റിപ്പബ്ലിക്കൻ പാർട്ടിക്കായി മത്സരിക്കുന്ന ഗാർഡിയൻ ഏഞ്ചൽസ് സ്ഥാപകൻ കർട്ടിസ് സ്ലിവ, സ്വതന്ത്രനായി മത്സരിക്കുന്ന അഭിഭാഷകനായ ജിം വാൾഡൻ എന്നിവരെ നേരിടും.
സ്വതന്ത്ര സ്ഥാനാർഥിയായ ക്യൂമോ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
Content Highlight: Trump doubts Zohran Mamdani’s citizenships, threatens arrest. NYC mayor candidate hits back