| Sunday, 27th April 2025, 9:36 am

അമേരിക്കയുടെ കപ്പലുകള്‍ പനാമ, സൂയസ് കനാലുകളിലൂടെ സൗജന്യമായി കടത്തി വിടണം; പുതിയ ആവശ്യവുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ സൈനിക, വാണിജ്യ കപ്പലുകളെ പനാമ കനാലിലൂടെയും സൂയസ് കനാലിലൂടെയും സൗജന്യമായി കടത്തി വിടണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഐക്യനാടുകള്‍ ഇല്ലാതെ കനാലുകള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ ഈ സാഹചര്യം ഉടന്‍ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

പനാമയില്‍ യു.എസ് സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ആവശ്യം.

പനാമ സിറ്റിയില്‍ നടന്ന സെന്‍ട്രല്‍ അമേരിക്കന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പനാമയില്‍ പരോക്ഷമായി ആധിപത്യം സ്ഥാപിക്കാനുള്ള യു.എസിന്റെ ആഗ്രഹം പീറ്റ് ഹെഗ്സെത്ത് പ്രകടിപ്പിച്ചത്. പനാമ സര്‍ക്കാരിന്റെ സമ്മതത്തോടെ മാത്രമേ സൈന്യത്തെ വിന്യാസിക്കൂവെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.

വേണമെങ്കില്‍ പനാമയുടെ സായുധ സേനയ്ക്കും അമേരിക്കയുടെ സൈന്യത്തിനും പനാമ കനാല്‍ മാറി മാറി നിയന്ത്രിക്കാമെന്നും ഹെഗ്‌സെത്ത് നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും പനാമ സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു. ഇതോടെ ട്രംപിനെപ്പോലെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് കനാലിലൂടെ സ്വതന്ത്രമായി കടന്നുപോകാന്‍ അവസരം നല്‍കണമെന്ന് ഹെഗ്‌സെത്ത് ആവശ്യപ്പെട്ടു.

എന്നാല്‍ അമേരിക്കയുടെ സൈനിക താവളങ്ങളോ പ്രതിരോധ കേന്ദ്രങ്ങളോ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പനാമ പ്രസിഡന്റ് ജോസ് റൗല്‍ മുലിനോ വ്യക്തമാക്കുകയായിരുന്നു.

പനാമ കനാല്‍ തിരിച്ച് പിടിക്കുമെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ജനുവരിയില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ സാമ്പത്തികമോ സൈനികമോ ആയ ശക്തി ഉപയോഗിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.

പനാമയുമായുള്ള തങ്ങളുടെ കരാറിന്റെ ഉദ്ദേശ്യവും ഉടമ്പടിയും പൂര്‍ണമായും ലംഘിക്കപ്പെട്ടെന്നും കനാലില്‍വെച്ച് അമേരിക്കന്‍ കപ്പലുകള്‍ക്ക് അമിതമായി ചാര്‍ജ് ഈടാക്കുന്നതായും ട്രംപ് വിമര്‍ശിച്ചിരുന്നു. എല്ലാറ്റിനുമുപരിയായി,ചൈന പനാമ കനാലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങള്‍ കനാല്‍ പനാമയ്ക്കാണ് നല്‍കയതെന്നും പറഞ്ഞ ട്രംപ് അത് ഉടന്‍ തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ആവശ്യം.

വേനല്‍ക്കാലം അടുത്തപ്പോള്‍ പനാമ കനാലിലേക്ക് വെള്ളം എത്തിക്കുന്ന ഗെതുന്‍ തടാകത്തിലെ ജലലഭ്യത കുറഞ്ഞതോടെ ജനുവരി മുതല്‍ കനാല്‍ വഴിയുള്ള ഷിപ്പിങ്ങ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പനാമ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതോടെ കനാലിന്റെ സഖ്യകക്ഷിയായ യു.എസിന് കനാല്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കനാലിന്റെ നിര്‍മാണത്തില്‍ 38,000 അമേരിക്കകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള ഇസ്ത്മസിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്തിലൂടെയാണ് പനാമ കനാല്‍ കടന്നുപോകുന്നത്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങള്‍ക്കിടയില്‍ കപ്പലുകളുടെ ഗതാഗതം എളുപ്പമാക്കുന്നത് പനാമ കനാലാണ്. എല്ലാ വര്‍ഷവും യുഎസ് കണ്ടെയ്‌നറുകളുടെ 40% കടന്നുപോകുന്നത് ഇത് വഴിയാണ്.

Content Highlight: Trump demands free passage of US ships through Panama and Suez Canals

We use cookies to give you the best possible experience. Learn more