| Wednesday, 12th March 2025, 3:32 pm

താരിഫ് യുദ്ധം തുടര്‍ന്ന് ട്രംപ്; എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയിലേക്കുള്ള അലുമിനിയം, സ്റ്റീല്‍ ഇറക്കുമതിക്ക് 25% താരിഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: താരിഫിന്റെ പേരിലുള്ള വ്യാപാരയുദ്ധം തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്കുള്ള അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചുമത്തിയ 25% താരിഫ് പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ ലോകത്തെ എല്ലാ രാജ്യങ്ങളും അമേരിക്കയിലേക്ക് അലുമിനിയം, സ്റ്റീല്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ 25% താരിഫ് നല്‍കണം. ഇന്ന് മുതലാണ് (ബുധന്‍) പുതിയ താരിഫ് നിലവില്‍ വന്നത്.

അതേസമയം പുതിയ താരിഫുകള്‍ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, കാനഡയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള താരിഫ് 50% ആക്കുമെന്ന ഭീഷണി ട്രംപ് പിന്‍വലിച്ചു. പകരം, കാനഡയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കും മറ്റ് രാജ്യങ്ങളെപ്പോലെ 25% താരിഫ് തന്നെയാകും.

കാനഡയാണ് യു.എസിന്റെ ലോഹ ഇറക്കുമതിയുടെ പ്രധാന സ്രോതസ്. കാനഡയ്ക്ക് പുറമെ ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവയും സ്റ്റീല്‍ വിതരണക്കാരില്‍ മുന്‍പന്തിയിലാണ്. യു.എ.ഇ, റഷ്യ, ചൈന എന്നിവയാണ് അമേരിക്കന്‍ അലുമിനിയത്തിന്റെ മുന്‍നിര വിതരണക്കാര്‍.

ട്രംപിന്റെ പുതിയ നീക്കം അമേരിക്കയിലെ കാറുകള്‍, ടിന്‍ ക്യാനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയുടെ നിര്‍മാതാക്കളുടെ ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ഇത് യു.എസിലെ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞയാഴ്ച, കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയിലേക്കുള്ള മയക്കുമരുന്നുകളുടെയും കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയുന്നില്ല എന്ന് പറഞ്ഞാണ് അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ട്രംപ് അധിക നികുതി ചുമത്തിയത്. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിച്ച ട്രംപ് പുതിയ താരിഫ് ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചത്.

ട്രംപിന്റെ ഈ അപ്രതീക്ഷിത തീരുമാനം യു.എസില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമായി. കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വൈദ്യുതിക്ക് 25% താരിഫ് ചുമത്തുമെന്ന് കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ തലവന്‍ ഉത്തരവിട്ടിരിന്നു.

ഇതില്‍ പ്രകോപിതനായ ട്രംപ് കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50% താരിഫ് ചുമത്തുമെന്നും വെല്ലുവിളിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്റാരിയോ അതിന്റെ സര്‍ചാര്‍ജ് താത്ക്കാലികമായി നിര്‍ത്തിവെച്ചതോടെ ട്രംപ് തന്റെ ഭീഷണികളില്‍ നിന്ന് പിന്മാറി.

ലോഹ താരിഫുകളും വരാനിരിക്കുന്ന മറ്റ് താരിഫുകളും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ വീണ്ടും വഷളാക്കാന്‍ സാധ്യതയുണ്ട്. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യു.എസ് കയറ്റുമതിക്കാരെ ദോഷകരമായി ബാധിക്കുന്ന നികുതികള്‍ പുറപ്പെടുവിച്ചുകൊണ്ട് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപത്തിന് പിന്നാലെ യൂറോപ്പ് 28 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു.

Content Highlight: Trump continues tariff war; 25% tariff on aluminum and steel imports to the US from all countries

We use cookies to give you the best possible experience. Learn more