| Monday, 13th October 2025, 7:49 am

യുദ്ധം അവസാനിച്ചുവെന്ന അവകാശവാദവുമായി ട്രംപ്; ഗസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഗസ സമാധാന ഉച്ചകോടിക്കായി മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്തിലാണ് ഉച്ചകോടി നടക്കുന്നത്.

ഗസയിലെ യുദ്ധം അവസാനിച്ചുവെന്നും വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിന്റെ ഭാഗമായി ഇസ്രഈലും ഹമാസും ഇന്ന് ബന്ദികളെ കൈമാറും. ഇസ്രഈലിലാണ് ആദ്യം ട്രംപ് സന്ദർശനം നടത്തുക.

ഇസ്രഈൽ പാർലമെന്റിനെ അഭിസംബോധന ചെയ്തതിന് ശേഷം ഇസ്രഈൽ ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

‘ജൂതനോ മുസ്‌ലീമോ അറബ് രാജ്യങ്ങളോ ആകട്ടെ എല്ലാവരും സന്തുഷ്ടരായിരിക്കണം. ഇസ്രഈലിന് ശേഷം ഞങ്ങൾ ഈജിപ്തിലേക്ക് പുറപ്പെടും.

സമ്പന്നമായ രാജ്യങ്ങളെയും മറ്റ് എല്ലാ നേതാക്കളെയും ഞങ്ങൾ കാണാൻ പോകുന്നു. അവരെല്ലാം ഈ കരാറിൽ പങ്കാളികളാണ്,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു

ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‍ദുൾ ഫത്താഹ് എൽ- സിസിയുടെയും നേതൃത്വത്തിലാണ് ഷാം എൽ ഷെയ്ഖിൽ സമാധാന ഉച്ചകോടി നടക്കുന്നത്. 20 ലധികം രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ട്രംപ് യുദ്ധമവസാനിച്ചെന്ന അവകാശവാദം നടത്തുമ്പോഴും ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകനായ സാലിഹ് അൽജഫറാവിയെ ഇസ്രഈൽ വധിച്ചെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ യുദ്ധത്തില്‍ 270ഓളം മാധ്യമപ്രവര്‍ത്തകരാണ് ഗസയില്‍ കൊല്ലപ്പെട്ടത്.

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതികളിലൊന്നായ ബന്ദിമോചനത്തിന്റെ ആദ്യ ഘട്ടമായിരിക്കും ഇന്ന് നടക്കുക. ആദ്യഘട്ടത്തിൽ 20 ഇസ്രഈൽ ബന്ധികളെയാണ് ഹമാസ് കൈമാറുക. പിന്നീട് കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങളും കൈമാറുമെന്നാണ് വിവരം. ഹമാസ് ബന്ദികളെ കൈമാറി കഴിഞ്ഞാൽ 2000 ത്തോളം ഫലസ്തീനികളെ ഇസ്രഈലും കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്

Content Highlight: Trump claims war is over; Gaza peace summit in Egypt today

We use cookies to give you the best possible experience. Learn more