വാഷിങ്ടണ്‍: ഇസ്രഈല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറില്‍ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പുനല്‍കിയതായി ട്രംപ് അവകാശപ്പെട്ടു.
ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ദോഹയില്‍ ചേര്‍ന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ നെതന്യാഹുവുനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
നെതന്യാഹു ഇനി ഖത്തറിനെ ആക്രമിക്കില്ലെന്നും ഖത്തര്‍ നല്ലൊരു സഖ്യകക്ഷിയാണെന്നും ഖത്തറുമായുള്ള ബന്ധം നെതന്യാഹു തുടരുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രഈല്‍ ആക്രമണം യു.എസിന്റെ അറിവോടെയെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് നിഷേധിക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരുടെ ‘അപ്പോള്‍ ആക്രമണത്തെ കുറിച്ച് എങ്ങനെ അറിഞ്ഞു’ എന്ന ചോദ്യത്തിന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത് അതുപോലെ തന്നെയെന്നാണ് ട്രംപ് മറുപടി നല്‍കിയത്.
എന്നാല്‍ ദോഹയില്‍ ആക്രമണം നടത്തുന്ന വിവരം ഇസ്രഈല്‍ തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രഈലിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ ട്രംപിന് അവസരമില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന സൂചനകളാണ് നെതന്യാഹു നല്‍കുന്നത്. ഹമാസ് എവിടെയും സുരക്ഷിതരല്ലെന്നും ഓരോ രാജ്യത്തിനും അതിര്‍ത്തികള്‍ക്കപ്പുറം സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോക്കൊപ്പം ജെറുസലേമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.
ഗസയില്‍ തടവിലുള്ള മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഖത്തറിലെ ആക്രമണം സ്വന്തം നിലയില്‍ നടപ്പിലാക്കിയതാണെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
ദോഹയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്രഈല്‍ സേനയായ ഐ.ഡി.എഫ് ആക്രമണം നടത്തിയത്. 12 വ്യോമാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറില്‍ ചര്‍ച്ചയ്ക്ക് എത്തിയ ഹമാസിന്റെ പ്രധാന നേതാവായ ഖലീല്‍ അല്‍-ഹയ്യ, ചീഫ് ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായ സാഹര്‍ ജബരിന്‍ ഉള്‍പ്പടെയുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രഈലിന്റെ ആക്രമണം.
ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ മുതിര്‍ന്ന നേതാക്കള്‍ രക്ഷപ്പെട്ടെങ്കിലും അല്‍-ഹയ്യയുടെ മകനുള്‍പ്പടെ അഞ്ച് ഹമാസ് അംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
അല്‍-ഹയ്യയുടെ മകന്‍ ഹുമാം അല്‍-ഹയ്യ, ഓഫീസ് ഡയറക്ടറായ ജിഹാദ് ലബാദ് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅമന്‍ ഹസൗന, അഹ്‌മദ് അല്‍-മംലുക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.
Content Highlight: Trump claims Netanyahu assured him that Israel will not attack Qatar again